print edition ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് ഗൃഹനാഥന്റെ മരണം: ജഡ്ജിയെ ഉടൻ സസ്പെൻഡ് ചെയ്തേക്കും

കൊച്ചി: ചേരാനല്ലൂരില്‍ ആഡംബരക്കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍, കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി ടി റിനോ ഫ്രാൻസിസ് സേവ്യറിനെ ഉടന്‍ സർവീസിൽനിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷൗമെന്‍ സെന്നിന്റെ അധ്യക്ഷതയില്‍ അഞ്ചംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചേർന്ന് വെെകാതെ തീരുമാനമെടുത്തേക്കും. അപകടത്തെക്കുറിച്ച് അറിഞ്ഞതോടെ ജഡ്ജിയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയതായി പറയുന്നു. തീരുമാനമെടുക്കേണ്ടത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ്.
അപകടത്തിനിടയാക്കിയ കാര്‍ ജഡ്ജിയുടെ ഉടമസ്ഥതയിലായതിനാല്‍ മോട്ടോര്‍ വാഹന നിയമം വകുപ്പ് 199 എ പ്രകാരം പ്രഥമദൃഷ്ട്യാ പ്രതിയാകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. അപകടവിവരം അറിഞ്ഞ് ജഡ്ജി നേരിട്ട് പൊലീസ് സ്‌റ്റേഷനില്‍ എത്തിയതും തെറ്റായ നടപടിയായി. ജഡ്ജിമാർ ഔദ്യോഗിക ആവശ്യത്തിനല്ലാതെ പൊലീസ് സ്‌റ്റേഷനില്‍ പോകുന്നത് സുപ്രീംകോടതിയടക്കം വിലക്കിയിട്ടുള്ളതാണ്. സംഭവം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശവുമുണ്ട്. അതിനാല്‍ ഉടന്‍ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപകടശേഷം പ്രതിയായ പതിനേഴുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. അഡീഷണൽ ജഡ്‌ജിയായ പിതാവും പിന്നാലെ ചേരാനല്ലൂർ സ്‌റ്റേഷനിൽ എത്തി. വാഹനത്തിന്റെ നന്പറും ഉടമ ആരാണെന്നുമറിഞ്ഞിട്ടും പൊലീസ് വേണ്ട നിയമനടപടിയെടുത്തില്ല.
സംഭവം വിവാദമായതോടെ ഞായറാഴ്‌ച രാത്രി കുറ്റകരമായ നരഹത്യ ചുമത്തി വീണ്ടും കസ്‌റ്റഡിയിലെടുത്ത് ജുവനൈൽ ജസ്‌റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കി. ബോർഡ് പ്രതിയെ ജാമ്യത്തിൽ വിട്ടു. അപ്പോഴും പിതാവിനെതിരെ നടപടിയുണ്ടായില്ല. പ്രതിയെയും പിതാവായ ജഡ്‌ജിയെയും അറസ്‌റ്റ് ചെയ്യുക, പ്രതിയുടെ ചിത്രം ഡിലീറ്റ് ചെയ്യാൻ കൂട്ടുനിന്ന പൊലീസുകാരനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജയബാലകൃഷ്‌ണന്റെ മക്കളും നാട്ടുകാരും സ്‌റ്റേഷനിൽ പ്രതിഷേധിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബവുമായി സംസാരിച്ചതിനെതുടർന്ന് പ്രതിഷേധം രാത്രിയോടെ താൽകാലികമായി അവസാനിപ്പിച്ചു. ചൊവ്വ വൈകിട്ട് നാലിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമായി പുനരാരംഭിക്കുമെന്ന് കുടുംബം പറഞ്ഞു.
കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്-കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പുവരെ കാര്‍ അമിതവേഗത്തിലായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമീഷണർ പറഞ്ഞു.









0 comments