print edition പ്രതിയെ രക്ഷിച്ചെടുക്കാൻ വളഞ്ഞവഴി; സർക്കാരും പൊലീസും പ്രതിക്കൊപ്പം


സ്വന്തം ലേഖകൻ
Published on Oct 27, 2026, 03:05 AM | 1 min read
കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച്, തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്‌ണൻ മരിച്ച കേസിൽ യുഡിഎഫ് സർക്കാരും പൊലീസും തുടക്കംമുതൽ പ്രതിക്കും കുടുംബത്തിനുമൊപ്പം. ഞായർ പുലർച്ചെ 2.20ന് നടന്ന അപകടത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നത് രാവിലെ 7.34നാണ്. പ്രതിയായ പതിനേഴുകാരന്റെ പേര് ഒഴിവാക്കിയാണിത്. ഇൗ സമയം പ്രതിയും അഡീഷണൽ ജഡ്‌ജിയായ ഇയാളുടെ പിതാവും സ്‌റ്റേഷനിലുണ്ടായിരുന്നു. ദുർബല വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആറിട്ടത്. അശ്രദ്ധമായി വാഹനമോടിക്കൽ, അശ്രദ്ധമൂലമുള്ള മരണം എന്നിവയായിരുന്നു വകുപ്പ്.
അധികം വൈകാതെ പ്രതിയെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കാതെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുംമുന്പേ പ്രതി സ്വന്തം വീട്ടിലെത്തി.
വാഹനയുടമയായ പിതാവ് രാവിലെമുതൽ വൈകിട്ടുവരെ പ്രതിക്കൊപ്പമുണ്ടായിട്ടും നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ജയബാലകൃഷ്‌ണന്റെ കുടുംബത്തോട് സ്‌റ്റേഷനിൽവച്ച് അഡീഷണൽ ജഡ്‌ജി ധിക്കാരപരമായി പെരുമാറുന്നത് പൊലീസ് നോക്കിനിന്നു. ബന്ധുക്കളിൽ ഒരാൾ പ്രതിയുടെ ചിത്രം പകർത്തിയപ്പോൾ അഡീഷണൽ ജഡ്‌ജിയുടെ നിർദേശപ്രകാരം സഹായി ഫോൺ വാങ്ങി അത് ഡിലീറ്റ് ചെയ്‌തു. ജഡ്‌ജിയുടെ ഒൗദ്യോഗികപദവി വ്യക്തമാക്കുന്ന ബെൻസ് കാറിലെ ബോർഡ് പൊലീസ് നേരത്തേതന്നെ നീക്കി. പ്രതി മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് അതിവേഗം വിധിയെഴുതി.
ദുർബലവകുപ്പ് ചുമത്തിയതും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതും വാഹനയുടമയായ പിതാവിനെതിരെ കേസെടുക്കാതിരുന്നതും വൻ പ്രതിഷേധത്തിനിടയാക്കി. ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ജയബാലകൃഷ്‌ണന്റെ ചിതയ്‌ക്ക് തീകൊളുത്തിയശേഷം മക്കൾ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തി. ജനരോഷം ആളിയതോടെയാണ് സർക്കാർ അപകടം മണത്തത്. തുടർന്നാണ് കുറ്റകരമായ നരഹത്യചുമത്തൽ, ഇതുപ്രകാരം പ്രതിയെ അറസ്‌റ്റ് ചെയ്യുക, ജുവനൈൽ ജസ്‌റ്റിസ് ബോർഡിൽ ഹാജരാക്കൽ എന്നിവയുണ്ടായത്. നേരത്തേ സംഭവിച്ച ഗുരുതരവീഴ്‌ചപ്രകാരം പ്രതിക്ക് വീണ്ടും ജാമ്യം കിട്ടുമെന്ന് ഉറപ്പാക്കിയാണ് ഇതെല്ലാം സ്വീകരിച്ചത്.








0 comments