ആദിവാസി യുവാവിന് കസ്‌റ്റഡി മർദനം
പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേം ഇരമ്പി

ആദിവാസി യുവാവിനെ കസ്‌റ്റഡിയിൽ മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജേഷ് ഉദ്‌ഘാടനംചെയ്യുന്നു
പൂഞ്ഞാർ പൂഞ്ഞാർ ഇടക്കര ഉന്നതിയിലെ ആദിവാസി യുവാവായ അഭിലാഷിനെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ചേന്നാട് കവലയിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജേഷ് ഉദ്ഘാടനം ചെയ്തു. അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്‌പിയെ മാറ്റിനിർത്തി മറ്റൊരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരാതിക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ് അധ്യക്ഷനായി. ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം രമാ മോഹൻ, ഏരിയ സെക്രട്ടറി ടി എസ് സിജു, പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് എസ് അനിൽ, ആദിവാസി ഉന്നതിയിലെ ഊര് മൂപ്പൻ ചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി എ ഷെമീർ എന്നിവർ സംസാരിച്ചു.








0 comments