Deshabhimani

കൊല്ലം– ചെങ്കോട്ട പാത

ട്രെയിൻ കോച്ചുകളുടെ എണ്ണം കൂട്ടും, വേഗത വര്‍ധിപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2026, 02:08 AM | 1 min read

കൊല്ലം

കൊല്ലം– ചെങ്കോട്ട പാതയിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ കോച്ചുകളുടെ എണ്ണം കൂട്ടുന്നതിനും വേഗത വര്‍ധിപ്പിക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിക്കാൻ ചെന്നൈയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയാത്തതിനുകാരണം പ്ലാറ്റ്ഫോമുകളുടെ നീളക്കുറവാണ്. പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുവാനുള്ള നിര്‍മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കുന്നതിന് സാങ്കേതികമായ ബുദ്ധിമുട്ട് നിലവിലെ വളവുകളും ചരിഞ്ഞ ഭൂപ്രകൃതിയുമാണ്. ഏതുതരത്തില്‍ വേഗത വര്‍ധിപ്പിക്കാന്‍ കഴിയും എന്നത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. രാവിലെ 8.10നും വൈകുന്നേരം 5.30നും ഇടയില്‍ ചെങ്കോട്ട– കൊല്ലം റൂട്ടില്‍ പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തീവണ്ടി സര്‍വീസ് ഇല്ലാത്തതിനാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ തിരുനെല്‍വേലി– കൊല്ലം സര്‍വീസ് ആരംഭിക്കുന്നതും മെമു സര്‍വീസ് ട്രയല്‍ റണ്‍ നടത്തി റേക്കുകള്‍ അനുവദിക്കുന്ന മുറയ്ക്ക് സര്‍വീസ് ആരംഭിക്കുന്നതിനും ചര്‍ച്ചയുണ്ടായി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം ട്രാക്ക് അനുവദിക്കണമെന്ന ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കും. പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ മൂന്നാം ട്രാക്കും രണ്ടാം ടെര്‍മിനലും സജീവ പരിഗണനയിലാണ്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായുള്ള ഉന്നതതല യോഗത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home