ഇഎസ്‌എ മാപ്പ്
സർവത്ര ആശയക്കുഴപ്പം, ആശങ്കയൊഴിയാതെ മലയോരം


സ്വന്തം ലേഖകൻ
Published on Oct 27, 2026, 02:10 AM | 1 min read
കൊല്ലം
പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച മാപ്പ് പ്രസിദ്ധീകരിച്ചിട്ടും ആശങ്ക ഒഴിയാതെ മലയോര ജനത. മാപ്പിൽ സർവത്ര ആശയക്കുഴപ്പമാണെന്നും ഏത് പ്രദേശമാണ് ഒഴിവാക്കിയതെന്നും ഉൾപ്പെടുത്തിയതെന്നും തിരിച്ചറിയാനാകുന്നില്ലെന്നും കർഷക സംഘടനകൾ പറയുന്നു. സാങ്കേതികജ്ഞാനം ഇല്ലാത്തവർക്കും പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവർക്കും മാപ്പ് പരിശോധിക്കാനാകില്ല. വനഭൂമിയും കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. ഇത് കൃത്യമായി വേർതിരിക്കാതെയാണ് കാലാവസ്ഥ, പരിസ്ഥിതി വ്യതിയാന ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയത്. മൊബൈൽ ഫോണുകളിൽ മാപ്പ് ലോഡ് ചെയ്യാനാകുന്നില്ല. കംപ്യൂട്ടറിൽനിന്ന് വെബ്‌സൈറ്റിൽ പ്രവേശിച്ചാലേ മാപ്പിലെ വിവരങ്ങൾ വ്യക്തമായി കാണാനാകൂ. കൃത്യമായ അതിർത്തി വിവരങ്ങൾ മനസ്സിലാകണമെങ്കിൽ ജിയോ കോ–ഓർഡിനേറ്റ്‌സ് ഉപയോഗിക്കുകയോ നേരിട്ടെത്തി ഫീൽഡ് പരിശോധന നടത്തുകയോ വേണം. സാധാരണക്കാരുടെ പക്കൽ ജിയോ കോ– ഓർഡിനേറ്റ്‌സ് ലഭ്യമല്ല. സാങ്കേതിക വിദഗ്ധരുടെ സഹായമില്ലാതെ മാപ്പിലെ വിവരങ്ങൾ സാധാരണക്കാരന് മനസ്സിലാക്കാനാകില്ല. സർവേ നമ്പർ ഉപയോഗിച്ച് ഇഎസ്‌എ സ്റ്റാറ്റസ് പരിശോധന നടക്കില്ല. ഇത് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. വില്ലേജുകളെ ഒറ്റ ഇഎസ്‌എ യൂണിറ്റായി കാണരുതെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്. വില്ലേജുകൾക്കുള്ളിൽ പരിസ്ഥിതിലോല മേഖലയുണ്ടെങ്കിൽ ആ പ്രദേശം മാത്രമേ ഇഎസ്‌എ പരിധിയിൽ വരുത്താവൂ എന്നുമായിരുന്നു സർക്കാർ നിലപാട്.








0 comments