പരിസ്ഥിതിലോല വിജ്ഞാപനത്തിലെ അപാകത
പ്രതിരോധം തീർക്കാൻ ഇന്ന് മലയോര ഹർത്താൽ


സ്വന്തം ലേഖകൻ
Published on Oct 27, 2026, 02:09 AM | 2 min read
കൊല്ലം
പരിസ്ഥിതിലോല വിജ്ഞാപനത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മലയോര മേഖലയിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും. എട്ട് വില്ലേജുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ജില്ലയിൽ ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ, തിങ്കൾകരിക്കം, ചണ്ണപ്പേട്ട, ഇടമൺ, പിറവന്തൂർ, പുന്നല വില്ലേജുകളാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഹർത്താലിന്റെ ഭാഗമായി ആറ് കേന്ദ്രത്തിൽ സത്യഗ്രഹ സമരം നടക്കുമെന്ന് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി കൺവീനർ അഡ്വ. ബിജു കെ മാത്യു അറിയിച്ചു. അലിമുക്കിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഇടമണിൽ സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ, കഴുതുരുട്ടിയിൽ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, കുളത്തൂപ്പുഴയിൽ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു, ചണ്ണപ്പേട്ടയിൽ കിസാൻസഭ ജില്ലാ സെക്രട്ടറി ലെനു ജമാൽ, മടത്തറയിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് വി കെ അനിരുദ്ധൻ എന്നിവർ സത്യഗ്രഹസമരം ഉദ്ഘാടനംചെയ്യും. കർഷകസംഘം നേതാക്കളായ വി എസ് സതീഷ്, എം കെ ശ്രീകുമാർ, എസ് സത്യൻ, ആർ ബിജു, ആർ ഗീത, കെ എൻ ശാന്തിനി, ജി രതികുമാർ, മുൻ എംഎൽഎ എം നൗഷാദ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സത്യഗ്രഹ സമരത്തിനും ജനകീയ സദസ്സുകൾക്കും നേതൃത്വം നൽകും. കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട്, കേരള കോൺഗ്രസ് ബി നിയോജകമണ്ഡലം പ്രസിഡന്റ് നെടുവന്നൂർ സുനിൽ, കിസാൻ സഭ നേതാക്കളായ മോഹനൻപിള്ള, അജയഘോഷ്, എ എൻ രാധാകൃഷ്ണൻ, കിസാൻ ജനത ജില്ലാ പ്രസിഡന്റ് കുതിരച്ചിറ രാജശേഖരൻ, കർഷക കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി വില്ലൂർ ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സത്യഗ്രഹത്തെ അഭിവാദ്യംചെയ്യും. അവശ്യസർവീസുകളെ ഒഴിവാക്കി ഹർത്താലിൽനിന്ന് പാൽ, പത്രം, ആശുപത്രി, വിവാഹം, ആംബുലൻസ് തുടങ്ങിയ അവശ്യസർവീസുകളെ ഒഴിവാക്കി. കൊല്ലത്തുനിന്ന് ചെങ്കോട്ട വഴി തമിഴ്നാട്ടിലേക്ക് പോകുന്ന അന്തർസംസ്ഥാന ബസ് സർവീസുകളെയും തിരുവനന്തപുരത്തുനിന്ന് അലിമുക്ക് വഴി കടന്നുപോകുന്ന അന്തർ ജില്ലാ ബസ് സർവീസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര -വ്യവസായ സ്ഥാപനങ്ങൾ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താലുമായി സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.









0 comments