print edition അമരസ്‌മരണയിൽ ഇന്ന് വയലാർദിനം; രണധീരർക്ക് നാടാകെ രക്‌താഭിവാദ്യമർപ്പിക്കും

ആലപ്പുഴ: പോർനിലങ്ങളിൽനിന്നുയർന്ന രക്‌തനക്ഷത്രങ്ങളുടെ അമരസ്‌മരണയിൽ ചൊവ്വാഴ്‌ച വയലാർദിനം. 80 വർഷംമുന്പ് സർ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ യന്ത്രത്തോക്കുകൾക്കുനേരെ വാരിക്കുന്തങ്ങളുമേന്തി പടയണി തീർത്ത രണധീരർക്ക് രക്‌താഭിവാദ്യമർപ്പിക്കാൻ നാടാകെ ഇരന്പിയെത്തും.
രാവിലെ 7.30ന് ആലപ്പുഴ വലിയചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഒന്പതിന് മേനാശേരി രക്‌തസാക്ഷി മണ്ഡപത്തിൽ കെ വി ദേവദാസും ദീപശിഖ അത്‌ലീറ്റുകൾക്ക് കൈമാറും. വയലാറിലെത്തുന്ന ദീപശിഖകൾ കേന്ദ്രവാരാചരണക്കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ ഏറ്റുവാങ്ങി രക്‌തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. പകൽ രണ്ടിന് വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനം. വാരാചരണത്തിന് സമാപനംകുറിച്ചുള്ള പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പുന്നപ്ര – വയലാർ സമരത്തിന്റെ എൺപതാം വാർഷികത്തിന്റെ ഭാഗമായി ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന സ്‌മരണിക പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നൽകി പ്രകാശിപ്പിക്കും.








0 comments