ഇവർ ഇനി ജില്ലയുടെ സ്വന്തം ജീവജാലങ്ങൾ

ജില്ലാ പഞ്ചായത്ത് നടത്തിയ ജൈവവൈവിധ്യ കോൺക്ലേവിൽ ജില്ലാ പുഷ്പജാതിയായ ഡ്യൂറി മന്ത്രി കെ എം ഷാജിക്ക് സമ്മാനിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി
തിരുവനന്തപുരം
ജൈവവൈവിധ്യ സംരക്ഷണത്തിൽ പുതിയ മാതൃക തീർത്ത് തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക തനത് ജീവജാലങ്ങളെയും സസ്യങ്ങളെയും പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘അനന്തവൈവിധ്യം 2026' അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവിലാണ് പ്രഖ്യാപനം. ജില്ലാ ജന്തുജാതിയായി അണ്ണാൻ വർഗമായ കുഞ്ഞൻ പാറാനെയും പുഷ്പജാതിയായി ഡ്യൂറി ഓർക്കിഡിനെയും ഫലമായി ഞാവലിനെയും ശലഭമായി സന്ധ്യ ശലഭത്തെയും പ്രഖ്യാപിച്ചു. കുഴിപ്പുളവനാണ് മത്സ്യം. പക്ഷിയായി കാട്ടുഞ്ഞാലി. അബ്രഹാം ഞാവലിനെ ജില്ലാ വൃക്ഷമായും മലമ്പുളിയെ പൈതൃക വൃക്ഷമായും പ്രഖ്യാപിച്ചു. വെള്ളായണി വഴുതനയാണ് കാർഷികവിള. ആരോഗ്യപ്പച്ച ഔഷധസസ്യമായും കാട്ടുകാച്ചിൽ വന്യകിഴങ്ങുവർഗമായും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ സൂക്ഷ്മജീവിയായി ലാക്ടിക്കേസിബാസിലസ് റാംനോസസിനെയും പ്രഖ്യാപിച്ചു. മന്ത്രി കെ എം ഷാജി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ, ബി ശോഭന, എ നിസ, ഡോ. സി അനിൽകുമാർ, ഡോ. പുത്തിയപറമ്പിൽ ജോസുകുട്ടി, ഡോ. ഇ എസ് സന്തോഷ്‌കുമാർ, ഡോ. കലേഷ് സദാശിവൻ, ഡോ. സാബു തോമസ് എന്നിവർ പങ്കെടുത്തു. 2030-ഓടെ തിരുവനന്തപുരത്തെ ജൈവവൈവിധ്യ സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ജൈവവൈവിധ്യത്തോട് കൈകോർത്ത് അനന്തപുരി' പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.








0 comments