മഴയെ ഞങ്ങള്‍ക്ക് പേടിയില്ലാ....

സേഫ് പ്ലേ... തേക്കുംമൂട് ബണ്ട് നഗറിൽ തോട് കവിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറാതിരിക്കാൻ കെട്ടിയ സംരക്ഷണ ഭിത്തിക്കരികിൽ കളിക്കുന്ന കുട്ടികൾ ഫോട്ടോ: എ ആർ അരുൺരാജ്
ആന്‍സ് ട്രീസ ജോസഫ്
Published on Oct 04, 2025, 12:10 AM | 2 min read
ഓരോ മഴക്കാലത്തും കുഞ്ഞുമക്കളെയും നെഞ്ചോടുചേര്‍ത്ത് ഉറക്കമിളച്ചിരുന്നവര്‍. വരുമാനത്തില്‍ ഒരംശം സ്വരൂക്കൂട്ടി വാങ്ങിയവ തോരാമഴയത്ത് നഷ്ടപ്പെടുന്നതിന്റെ വേദന അനുഭവിച്ചവര്‍. ചെറിയൊരു വേനല്‍മഴയില്‍പോലും വീടിനകം നിറയെ വെള്ളം കയറി, സാധനങ്ങളുമായി സ്കൂളിലേക്കോ ബന്ധുവീട്ടിലേക്കോ പോകേണ്ടി വന്നവര്‍. മുളവന, തേക്കൂംമൂട്, കണ്ണമൂല എന്നിവിടങ്ങളില്‍ പട്ടം തോടിനോട് ചേര്‍ന്നുള്ള വീടുകളിലെ കുടുംബങ്ങള്‍ക്ക് മഴയെന്ന് പറഞ്ഞാല്‍ പേടിയായിരുന്നു. പക്ഷേ ഇന്നവര്‍ മഴകാല രാത്രിയെ ഭയക്കാതെ ഉറങ്ങുന്നുണ്ട് തയ്യാറാക്കിയത്: ആന്‍സ് ട്രീസ ജോസഫ്
തിരുവനന്തപുരം
ദേ ഇവിടെനിന്ന് ഞങ്ങടെ കുഞ്ഞുങ്ങള്‍ തോട്ടിലേക്ക് വീണിട്ടുണ്ട്, വെള്ളത്തിലിറങ്ങി അവരെയും എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് ഓടുമായിരുന്നു. ഈ തോട്ടിലേക്ക് വീണ് മരണംവരെ ഉണ്ടായിട്ടുണ്ട്. പിന്നെയൊരു മഴപെയ്താല്‍ പേടിയായിരുന്നു. കുഞ്ഞുങ്ങളെയുംകൊണ്ട് എങ്ങോട്ട് പോകുമെന്ന് പേടിച്ചാണ് കഴിഞ്ഞിരുന്നത്. ദേ ഈ ഭിത്തി കെട്ടിയതിനുശേഷം അത്തരമൊരു ദുരന്തം ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് ഞങ്ങള്‍ക്കിത് ചെയ്ത് തന്നത്. തേക്കുംമൂട് ബണ്ട് നഗറിലെ താമസക്കാരുടെ ആശ്വാസവാക്കുകളാണിത്. പട്ടം തോട് നവീകരണമാണ് ഇവിടുത്തെ ജനജീവിതം സുരക്ഷിതമാക്കിയത്. പട്ടംതോട്ടില്‍ ചെളിയും മണ്ണും നിറഞ്ഞ് ഒഴുക്ക് പലയിടത്തും നിലച്ചിരുന്നു. ഇതുകാരണം മഴയത്ത് തോട് കരകവിഞ്ഞൊഴുകി ഇരുകരയിലുമുള്ള വീടുകളില്‍ വെള്ളം കയറിയിരുന്നു. തോട് വൃത്തിയാക്കിയതോടെ ഇത് കടന്നുപോകുന്ന ഒമ്പത് വാർഡുകൾക്ക് ആശ്വാസമായി. ഇതോടെ നഗരത്തിലെ തന്നെ വെള്ളക്കെട്ടിന് പരിഹാരമായി. കോര്‍പറേഷനിലെ കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം, കുന്നുകുഴി, കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകിയാണ് പട്ടം തോട് ആമയിഴഞ്ചാൻ തോടിൽ ചേരുന്നത്. 4.83 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് നടന്നത്. എട്ട് മീറ്റർ വീതിയും ഏകദേശം ഒമ്പത് കിലോമീറ്റർ നീളവുമാണ് തോടിനുള്ളത്. വി കെ പ്രശാന്ത് എംഎല്‍എ ഫണ്ടില്‍നിന്നുമാണ് പട്ടം തോടിന്റെ നവീകരണം പ്രവര്‍ത്തനം നടന്നത്. ചില ഭാഗങ്ങളില്‍ കോര്‍പറേഷന്റെ ഫണ്ടില്‍നിന്ന് തുക ഉപയോഗിച്ച് സംരക്ഷണ ഭിത്തികെട്ടി. തോട്ടിലേക്ക് ഇടിഞ്ഞുവീഴാറായ വീടുകളുടെ അറ്റകുറ്റപണികള്‍ക്കായി തുകയനുവദിച്ച് പൂര്‍ത്തീകരിച്ചു. കോൺക്രീറ്റ് ലൈനിങ് നൽകി, തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേലി സ്ഥാപിച്ചു. കൂടാതെ തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കി ഒഴുക്ക് സുഗമമാക്കി. ഇതോടെ വെള്ളപ്പൊക്കമെന്ന പേടി സ്വപ്നമില്ലാതെ തോടിന്റെ ഇരുകരയിലും താമസിക്കുന്നവര്‍ ഉറങ്ങാനുണ്ട്.









0 comments