മാലിന്യം ശേഖരിക്കാൻ ക്വട്ടേഷൻ സംഘങ്ങൾ

മുട്ടത്തറയിലെ എൻഎച്ച് ബൈപ്പാസിനിടയിലെ ഓടയിലും പരിസരത്തും മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു
തിരുവനന്തപുരം
നഗരമാലിന്യം കുന്നുകൂടുകയും വീടുകളിൽനിന്നുവരെ ശേഖരിക്കാൻ കോർപറേഷൻ തയ്യാറാകാതിരിക്കുകയും ചെയ്‌തതോടെ ഇവ മാറ്റാൻ രംഗത്തെത്തി മാഫിയാസംഘം. അനധികൃതമായി രംഗത്തെത്തിയ സംഘങ്ങളിൽ അധികവും ഗുണ്ടാ പശ്ചാത്തലമുള്ളവരാണ്. മാലിന്യസംസ്‌കരണം പാളിയപ്പോൾ അത് മുതലാക്കിയാണ് ഇത്തരക്കാർ നഗരത്തിൽ നിറഞ്ഞത്. വീടുകളിൽ സ്ഥാപിക്കുന്ന കിച്ചൻബിന്നുകൾ വിതരണം ചെയ്യാതായതോടെ നഗരവാസികൾക്ക് മാലിന്യം തള്ളാൻ കഴിയാതായി. ഇതോടെയാണ് അനധികൃതസംഘങ്ങൾ വീടുകളിലുമെത്തിത്തുടങ്ങിയത്. ഹോട്ടൽ മാലിന്യം ശേഖരിക്കുന്നതും ഇവരാണ്. ചീഞ്ഞുനാറുന്ന മാലിന്യം കൊണ്ടുപോകുന്നതിനായി ചോദിക്കുന്ന പണമാണ് നൽകേണ്ടി വരുന്നത്. ഏതെങ്കിലും പ്രദേശങ്ങളിൽ വാഹനമിട്ടശേഷം നിറയുന്പോഴാണ് ഇവിടെനിന്ന് മാറ്റുന്നത്. രാത്രികളിൽ ആമയിഴഞ്ചാൻതോട്, പാർവതിപുത്തനാർ തുടങ്ങിയ ജലാശയങ്ങളുടെ വിവിധ കേന്ദ്രങ്ങളിലാണ് തള്ളുന്നത്. 28 ഏജൻസികൾക്കാണ് കോർപറേഷന്റെ അനുമതിയുള്ളത്. ഇവർ കാര്യക്ഷമമായി പ്രവർത്തിക്കാറുമില്ല. ഹോട്ടലുകളുടെയും അറവുശാലകളുടെയും മാലിന്യം പന്നിഫാമുകളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഏജൻസിക്കാർ പറയുന്നു. മലയോരമേഖലകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വനാതിർത്തികളോടു ചേർന്നുള്ള ഇടങ്ങളിലുമെല്ലാം ഇവർ മാലിന്യം തള്ളി കടന്നുകളയുകയാണ് പതിവ്. അംഗീകൃത ഏജൻസികൾ ചെറിയ ഏജൻസികൾക്ക് മാലിന്യം ശേഖരിക്കുന്നതിന് മറിച്ചുനൽകിയിട്ടുള്ളതുപോലും കോർപറേഷൻ അധികൃതർ അറിഞ്ഞിട്ടില്ല. സ്‌ക്വാഡുകൾ സജീവമാണെന്ന് മേയർ ആവർത്തിക്കുന്പോഴും ജലാശയങ്ങളിലെല്ലാം മാലിന്യം ചാക്കുകെട്ടുകളിലാക്കിയും അല്ലാതെയുമെല്ലാം തള്ളുന്നുണ്ട്. ഇവരെ പിടികൂടാനാകുന്നില്ല. തള്ളുന്ന കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കാനും ശ്രമിച്ചിട്ടില്ല. പല പ്രദേശങ്ങളിൽ ശുചീകരണത്തൊഴിലാളികളാണ് നിരീക്ഷകർ. ഗുണ്ടാസംഘങ്ങളെ നേരിടാൻ ശ്രമിച്ച തൊഴിലാളികളെയാണ് കഴിഞ്ഞദിവസം ശ്രീകണ്‌ഠേശ്വരത്തുവച്ച് ഓട്ടോയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്നവർക്ക് സുരക്ഷയൊന്നും കോർപറേഷൻ ഒരുക്കിയിട്ടില്ല.











0 comments