ലക്ഷ്യം ഒന്ന് പഠനവും ഒന്നായി

അക്ഷരക്കൂട്ട്... ഹയർസെക്കൻഡറി രണ്ടാംവർഷ തുല്യത പരീക്ഷയെഴുതാൻ എത്തിയ ദമ്പതികളായ സിബി ഫിലിപ്പും സരിക സി മോഹനും പരീക്ഷയ്ക്കുശേഷം മടങ്ങുന്നു ഫോട്ടോ : കെ എസ് ആനന്ദ്
കോട്ടയം സാക്ഷരതമിഷന്റെ തുല്യത പരീക്ഷകൾക്ക് തുടക്കമായി. സംക്രാന്തി സ്വദേശികളായ സിബി ഫിലിപ്പിനും സരിക സി മോഹനും ഇത് വെറുമൊരു പരീക്ഷയല്ല, ജീവിതത്തിന്റെ പുതിയൊരു അധ്യായം കൂടിയാണ്. അവർ ഒരേ ലക്ഷ്യവുമായാണ് വീട്ടിൽനിന്ന് ഇറങ്ങുന്നത്. പന്ത്രണ്ടാം തരം വിജയിക്കുക. അക്ഷരങ്ങളെ കൂട്ടുപിടിക്കാനുള്ള അവരുടെ യാത്രയ്‌ക്ക് പ്രണയത്തിന്റെ മധുരമായ കഥകളും പറയാനുണ്ട്. ഒരേ സ്വപ്നവുമായി ക്ലാസിലിരുന്ന ഇവർക്കിടയിൽ അറിവിന്റെ പാഠങ്ങൾക്കൊപ്പം പ്രണയവും പൂത്തുലഞ്ഞു. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് ദാമ്പത്യത്തിലേക്ക് വഴിമാറി. ഹ്യൂമാനിറ്റീസ് വിഷയമാണ് ഇരുവരും പരീക്ഷയ്ക്കായി തെരഞ്ഞെടുത്തത്. ഇവന്റ്‌മാനേജ്‌മെന്റ് ജോലിക്കാരനായ സിബി ഒഴിവ് സമയങ്ങളിലാണ് പഠനത്തിനായി സമയം കണ്ടെത്തുന്നത്. സഹായത്തിനായി സരികയും ഒപ്പമുണ്ട്. പഠനത്തിലെ സംശയങ്ങൾ പങ്കുവച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചും ഒരുമിച്ച് അവർ മുന്നേറുന്നു. നാലാംതരം ഏഴാംതരം, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ജില്ലയിലെ 444 പഠിതാക്കളാണ് തുല്യത പരീക്ഷ എഴുതുന്നത്. ഒമ്പത് കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ വെള്ളിയാഴ്ച ആരംഭിച്ചു. ഒന്നാം വർഷം, നാലാംതരം ഏഴാംതരം തുല്യത പരീക്ഷകൾ ശനിയാഴ്ച തുടക്കമാകും. 26 പേർ നാലാംതരവും 31 പേർ ഏഴാംതരം പരീക്ഷയും എഴുതും. 180 പേർ ഒന്നാംവർഷ പരീക്ഷയെഴുതുന്നു. 57 പുരുഷന്മാരും 127 സ്‌ത്രീകളും. പരീക്ഷ ആഗസ്‌ത് രണ്ടിന് അവസാനിക്കും.











0 comments