തെരഞ്ഞെടുപ്പ്: ‘നുഴഞ്ഞുകയറ്റം’ വീണ്ടും ചർച്ചയാക്കാൻ കേന്ദ്രം

ന്യൂഡൽഹി
: നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ‘നുഴഞ്ഞുകയറ്റം’ വീണ്ടും ചർച്ചാവിഷയമാക്കി കേന്ദ്രസർക്കാർ. അതിർത്തിമേഖലകളിലെ ജനസംഖ്യാമാറ്റങ്ങൾക്കുള്ള പ്രധാനപ്പെട്ട കാരണം നുഴഞ്ഞുകയറ്റമാണെന്നും അസാധാരണ ജനസംഖ്യാ മാറ്റങ്ങൾക്കുനേരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള 119 ജില്ലകളിലെ എസ്‌പിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അസ്വാഭാവിക കാരണങ്ങളാലുള്ള ജനസംഖ്യാമാറ്റങ്ങൾ തടയാനായി അതിർത്തി സുരക്ഷാസേനകൾ, സംസ്ഥാന–ജില്ലാ സുരക്ഷാ സംവിധാനങ്ങൾ, കേന്ദ്രസർക്കാരിന്റെ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങൾ, പ്രാദേശിക ജനങ്ങൾ തുടങ്ങിയവയെ ഉൾപ്പെടുത്തി ചതുർഭാഗ സുരക്ഷാശൃംഖല രൂപീകരിക്കും. നക്‌സലിസവും ജമ്മുകശ്‌മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഭീകരവാദവും തുടച്ചുമാറ്റിയതുപോലെ അതിർത്തികളിലെ പ്രശ്‌നങ്ങളും പരിഹരിക്കും’– അമിത്‌ഷാ പറഞ്ഞു.











0 comments