തകർച്ച ഭീഷണിയിൽ കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ
ജീവൻ കൈയിൽപ്പിടിച്ച് ജീവനക്കാർ

ചിറ്റൂർ
ചോർന്നൊലിക്കുന്ന മേൽക്കൂര, പൊട്ടിപ്പൊളിഞ്ഞ തറ, ചിതലരിച്ച ജനൽ വാതിലുകൾ... സിനിമകളിലെ ക്ഷയിച്ച തറവാടിന്റെ വിവരണമല്ല. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ കെട്ടിടത്തിന്റെ അവസ്ഥയാണ്. ജീവനക്കാർ കുറഞ്ഞതോടെ സർവീസ് വെട്ടിക്കുറച്ച ഡിപ്പോ കെട്ടിടമിപ്പോൾ തകർച്ച ഭീഷണിയിലാണ്. മുകൾതട്ടിലെ തേപ്പ് അടർന്ന് ദേഹത്തുവീണ് ജീവനക്കാർക്കും ബസ് യാത്രക്കാർക്കും പരിക്കേറ്റിരുന്നു. പുതിയ ഓഫീസ് കെട്ടിടത്തിന് തുക അനുവദിച്ചിട്ടും നടപടി നീളുകയാണ്. എൽഡിഎഫ് സർക്കാർ കെഎസ്ആർടിസിയുടെ പ്ലാൻ ഫണ്ടിൽനിന്ന് രണ്ടുകോടി രൂപയാണ് അനുവദിച്ചത്. സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനിയർക്ക് അയച്ചെങ്കിലും നടപടിയുണ്ടായില്ല. ചിറ്റൂർ പുഴപ്പാലത്ത് ഓഫീസ് കെട്ടിടത്തിന് ശിലാസ്ഥാപനം 1984 –ൽ നടത്തി, 1991 –ൽ ഉദ്ഘാടനം ചെയ്തു. ഇതിനുശേഷം കെട്ടിടത്തിനാവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഭയപ്പാടിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ജീവനക്കാർക്കായി നിർമിച്ച വീടുകളും അപകടാവസ്ഥയിലാണ്. 42 ഷെഡ്യൂളുകളുണ്ടായിരുന്ന ഡിപ്പോയിൽ സർവീസിന്റെ എണ്ണം മുപ്പതായി ചുരുങ്ങി. ഡ്രൈവർമാരുടെ കുറവാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്നാണ് പറയുന്നത്.










0 comments