തിങ്കൾമുതൽ അധികജോലി ബഹിഷ്‌കരിക്കും
കെഎസ്‌ആർടിസി ജീവനക്കാരുടെ ഇൻസെന്റീവ് ബാറ്റ മുടങ്ങി

സായൂജ് ചന്ദ്രൻ
പാലക്കാട്
കെഎസ്‌ആർടിസിയിലെ 22,000 സ്ഥിരം ജീവനക്കാർക്കും 4,500 എംപാനൽ ജീവനക്കാർക്കുമുള്ള ഇൻസെന്റീവ് ബാറ്റ മുടങ്ങി. കഴിഞ്ഞ വർഷങ്ങളിലെല്ലാം കൃത്യമായി ശമ്പളത്തിനൊപ്പം ലഭിച്ച തുകയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനകം മുടങ്ങിയത്. ഓരോ ജീവനക്കാർക്കും ലഭിക്കുന്ന ദിനബത്തയിൽ വ്യത്യാസമുണ്ട്. ചുരുങ്ങിയത് 150 മുതൽ 500 രൂപവരെയാണ് ഒരു ദിവസം ലഭിക്കുക. അധികാരത്തിൽ വന്നാൽ ബാറ്റ ശമ്പളത്തിനൊപ്പം നൽകുന്നത് അവസാനിപ്പിച്ച് നേരിട്ട് കൈയിൽ തരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ വാഗ്ദാനം. ഇപ്പോൾ ശമ്പളത്തിലുമില്ല നേരിട്ടുമില്ല എന്ന അവസ്ഥയിലാണ്. എംപാനൽ ജീവനക്കാരുടെ ശമ്പളത്തിലും സംസ്ഥാന സർക്കാർ കടുംവെട്ട് നടത്തി. ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണം അനുസരിച്ചാണ് ഇവർക്ക് ശമ്പളം നൽകുന്നത്. മാസത്തിൽ ഏഴിനും 25നുമായി രണ്ട് തവണയായാണ് ശമ്പളം ലഭിച്ചിരുന്നത്. ഇത്തവണ മൂന്നുദിവസം കഴിഞ്ഞ് പകുതി ശമ്പളം മാത്രമാണ് ലഭിച്ചത്. 20 ദിവസം ജോലി ചെയ്തവർക്ക് 10 ദിവസത്തെ ശമ്പളം മാത്രം. ഓരോ ജില്ലയിലും 200ന് മുകളിൽ താൽക്കാലിക ജീവനക്കാരുണ്ട്. പലരും യൂണിറ്റുകളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. ജീവനക്കാർ ബാറ്റ മുടങ്ങിയതിന്റെയും ശമ്പളം വെട്ടിയതിന്റെയും കാരണം അന്വേഷിച്ചപ്പോൾ പണമില്ലെന്നാണ് അധികൃതരുടെ മറുപടി. പ്രിയദർശിനി ബസുകൾ സൗജന്യ സർവീസുകൾ ആരംഭിച്ചതുമുതൽ കെഎസ്‌ആർടിസിയുടെ വരുമാനത്തിൽ വൻ ഇടിവാണ്. അത് നികത്താൻ സാധാരണക്കാരായ തൊഴിലാളികളുടെ ശമ്പളം ഇല്ലാതാക്കുകയാണെന്നും ജീവനക്കാർ പറയുന്നു. ഇൻസെന്റീവ് ബാറ്റ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ തിങ്കൾമുതൽ അധികജോലി ബഹിഷ്‌കരിക്കും.











0 comments