പ്രതിഷേധവുമായി കായികപ്രേമികൾ
പരേഡ് മൈതാനം ചെളിക്കുണ്ടായി

വാഹനങ്ങൾ കയറി ചെളിക്കുണ്ടമായ പരേഡ് മൈതാനം
മട്ടാഞ്ചേരി
നാല് രാജ്യങ്ങളുടെ സൈനിക പരേഡിന് വേദിയായ ഫോർട്ട് കൊച്ചി പരേഡ് മൈതാനം വാഹനങ്ങൾ കയറിയിറങ്ങി ചെളിക്കുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൈതാനം സിഎസ്എംഎൽ ഫണ്ട് ഉപയോഗിച്ച് നവീകരണത്തിന് പദ്ധതിയൊരുക്കിയപ്പോൾ പ്രതിഷേധവുമുയർന്നിരുന്നു. ഇതോടെ നവീകരണത്തിന്റെ ഭാഗമായി പാകിയ കല്ലുകൾ ഇളക്കിമാറ്റേണ്ടിവന്നു. പിന്നീട് പണി മുന്പോട്ട് നീങ്ങിയില്ല. ഇതിനുശേഷമാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്‌തുതുടങ്ങിയത്. അധികൃതർ ഇത് കണ്ണടയ്‌ക്കുകയും ചെയ്തു.
മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരും കായികതാരങ്ങളും ആവശ്യപ്പെടുന്നത്. ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരത്തിന് ഒരുക്കിയ പരിശീലനമൈതാനംകൂടിയാണിത്.
കാർണിവൽ പുതുവർഷ ആഘോഷ പരിപാടികൾ ഈ മൈതാനത്താണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി നടത്തിവരുന്നത്. പതിനായിരങ്ങളാണ് പപ്പാഞ്ഞിയെ കത്തിക്കുന്ന വേളയിൽ മൈതാനത്ത് ആഹ്ലാദനൃത്തമാടുന്നത്. ഒരുകാലത്ത് രാജ്യത്തിന്റെ തന്നെ പ്രധാന മൈതാനങ്ങളിലൊന്നായി കണക്കാക്കിവന്നിരുന്ന മൈതാനത്തിന്റെ ദുരവസ്ഥയ്‌ക്ക് ഇതും കാരണമായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്.











0 comments