കാൽലക്ഷം പേരുടെ യുവജന റാലി
ഡിവൈഎഫ്ഐ ജില്ലാസമ്മേളനത്തിന് നാളെ തുടക്കം


സ്വന്തം ലേഖകൻ
Published on Jul 11, 2026, 02:07 AM | 1 min read
മുക്കം
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പ്രകടനത്തോടും പൊതുസമ്മേളനത്തോടുംകൂടി ഞായർ വൈകിട്ട് മുക്കത്ത് തുടക്കമാകും. ആദ്യമായാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് മുക്കം വേദിയാകുന്നത്. വൈകിട്ട് അഞ്ചിന് അഗസ്ത്യൻമുഴി തൊണ്ടിമ്മൽ റോഡിൽനിന്ന് ആരംഭിക്കുന്ന യുവജന റാലിയിൽ ജില്ലയിലെ 3500 യൂണിറ്റ് കമ്മിറ്റികളിൽനിന്നായി കാൽലക്ഷത്തോളം യുവജനങ്ങൾ അണിചേരും. മുക്കം നഗരം ചുറ്റി റാലി പൊതുസമ്മേളന നഗരിയായ കെ കെ സ്മാരകമന്ദിരത്തിന് സമീപത്തെ ഗ്രൗണ്ടിലെ "ടി പി ദാസൻ നഗറി’ൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി ഉദ്ഘാടനംചെയ്യും. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയ്ക് സി തോമസ്, സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങിയവർ പങ്കെടുക്കും.
13ന് രാവിലെ ഏഴിന് തിരുവമ്പാടി മത്തായി ചാക്കോ സ്മൃതിമണ്ഡപത്തിൽനിന്ന് ദീപശിഖാ ജാഥ പുറപ്പെടും. ജാഥാ ക്യാപ്റ്റൻ എം എം ജിജേഷിന് ദീപശിഖ കൈമാറി സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ജാഥ ഉദ്ഘാടനംചെയ്യും.
മുക്കം മുസ്ലിം ഓർഫനേജ് ഓഡിറ്റോറിയത്തിലെ "പുഷ്പൻ നഗറി’ൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനംചെയ്യും. രണ്ടുദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ 17 ബ്ലോക്ക് കമ്മിറ്റികളിൽനിന്നുള്ള 375 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം വിജിൻ എംഎൽഎ, ഗ്രീഷ്മ അജയഘോഷ് എന്നിവർ പങ്കെടുക്കും. 14ന് ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം പൂർത്തീകരിക്കും.
സമ്മേളനത്തിന് ഒരുക്കം പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൻ പറഞ്ഞു. മഴ കണക്കിലെടുത്ത് പൊതുസമ്മേളന നഗരിയിൽ കൂറ്റൻ പന്തൽ ഒരുക്കിയിട്ടുണ്ട്. സ്വാഗതസംഘം ചെയർമാൻ ടി വിശ്വനാഥൻ, വൈസ് ചെയർമാൻ ലിന്റോ ജോസഫ്, കൺവീനർ ദിപു പ്രേംനാഥ്, ട്രഷറർ വി കെ വിനോദ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ പി ജാഫർ ഷെരീഫ്, ജില്ലാ കമ്മിറ്റി അംഗം ഇ അരുൺ എന്നിവർ പങ്കെടുത്തു.











0 comments