സംസ്കൃത സർവകലാശാല
ഭരണസ്തംഭനത്തിൽ അധ്യാപക പ്രതിഷേധം

കാലടി സംസ്‌കൃത സർവകലാശാലയിൽ അധ്യാപക സംഘടന നടത്തിയ പ്രതിഷേധം ഡോ. കെ എം സംഗമേശൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി
സംസ്‌കൃത സർവകലാശാലയിൽ ഭരണസ്തംഭനത്തിനും അധികാരികളുടെ കെടുകാര്യസ്ഥതയ്‌ക്കുമെതിരെ അധ്യാപക സംഘടന അസ്യൂട്ട് പ്രതിഷേധം സംഘടിപ്പിച്ചു. ഗവർണർ താൽക്കാലിക വിസിയായി നിയമിച്ച ഡോ. സിസ തോമസ് സർവകലാശാലയിലേക്ക് സ്ഥിരമായി വരുന്നില്ല. ഫയലുകൾ കെട്ടിക്കിടക്കുകയാണെന്നും അസ്യൂട്ട് വ്യക്തമാക്കി.
മാസങ്ങളായി സിൻഡിക്കറ്റ് വിളിച്ചുചേർക്കാത്തതിനാൽ ഓപ്പൺ വൈവ കഴിഞ്ഞ നിരവധി വിദ്യാർഥികളുടെ പിഎച്ച്ഡി ബിരുദം തടഞ്ഞുവച്ചിരിക്കുകയാണ്. അക്കാദമിക് കൗൺസിൽ ചേരാനാകുന്നില്ല. ഡിഗ്രി, പിജി വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകളും തീർപ്പാക്കിയിട്ടില്ല. ക്ലാസ് തുടങ്ങി ഒന്നരമാസം പിന്നിട്ടിട്ടും ആവശ്യമായ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ല. പ്രവേശനം നേടിയ വിദ്യാർഥികൾ മറ്റു കോളേജുകളിലേക്ക് മാറിപ്പോകുന്നു. അധ്യാപകർക്ക് അർഹതപ്പെട്ട പ്രമോഷൻ അനുവദിക്കാനും നടപടിയായിട്ടില്ലെന്നും അസ്യൂട്ട് വ്യക്തമാക്കി.
അധ്യാപകരുടെയും വിദ്യാർഥികളുടെയും ഭാവിയെ ബാധിക്കുന്ന ഇൗ വിഷയങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരം ഡോ. കെ എം സംഗമേശൻ ഉദ്ഘാടനം ചെയ്തു. ഡോ. യു കിരൺ, ഡോ എം എസ് കവിത, ഡോ. കെ എൽ പത്മദാസ്, സുനിൽ ഒതയോത്ത് എന്നിവർ സംസാരിച്ചു.











0 comments