നീതിതേടി ഉറ്റവർ; മൗനത്തിൽ സർക്കാർ

ജോൺ മത്യാസിനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് ശനിയാഴ്ച ദേശീയപാത ഉപരോധിച്ചപ്പോൾ. നേതാക്കളായ ആനാവൂർ നാഗപ്പൻ, പി എസ് ഹരികുമാർ, എസ് പുഷ്പലത എന്നിവർ മുൻനിരയിൽ
സ്വന്തം ലേഖകൻ
Published on Aug 09, 2026, 11:38 PM | 1 min read
തിരുവനന്തപുരം
കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായിട്ടും സംസ്ഥാന സർക്കാർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും രണ്ടുപേരെ കാണാതായിട്ട് 11 ദിവസവും കൊല്ലത്ത് ഒരാളെ കാണാതായിട്ട് 10 ദിവസവും പിന്നിട്ടു. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിന്റെ കുടുംബത്തെ ഫിഷറീസ് മന്ത്രി വിളിച്ചത് കഴിഞ്ഞദിവസമാണ്. മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ ഭാര്യ സ്റ്റിജി പെരുമഴയത്തിരുന്ന് പ്രതിഷേധിച്ചതിനെത്തുടർന്നാണ് മന്ത്രി സി പി ജോൺ കുടുംബത്തെ സന്ദർശിക്കാൻ തയ്യാറായത്. ഇതിനിടയിൽ മുഖ്യമന്ത്രി വി ഡി സതീശൻ മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുകയും ചെയ്‌തു. കൊല്ലത്തും തിരുവനന്തപുരത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അലയടിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സർക്കാരിനെ വിമർശിക്കുന്നുവെന്ന പേരിൽ കാണാതായവരുടെ കുടുംബങ്ങൾക്കെതിരെ കോൺഗ്രസ്–ലീഗ് പ്രവർത്തകരുടെ സൈബർ ആക്രമണവും രൂക്ഷമാണ്. ഉറ്റവരെ കാണാതായവരുടെ വിലാപങ്ങൾക്കെതിരെ സൈബർ ആക്രമണവും അപമാനിക്കലും നടത്തരുതെന്ന് പറയാൻ യുഡിഎഫിലെ ആരും തയ്യാറായിട്ടില്ല. സൈബർ ആക്രമണമൊന്നും തങ്ങളെ ബാധിക്കില്ലെന്നും അച്ഛന്റെ ജീവനുവേണ്ടിയാണ് തങ്ങൾ വിലപിക്കുന്നതെന്നും ജോണിന്റെ മക്കൾ ആവർത്തിക്കുന്നുണ്ട്. അച്ഛൻമാർ കടലിൽ പണിക്കുപോകുന്പോൾ തീരത്ത്, അമ്മയും മക്കളും ഭീതിയോടെയാണ് കഴിയുന്നതെന്നും അവരോടുള്ള അനീതിയിലാണ് തങ്ങൾ പ്രതികരിക്കുന്നതെന്നും ജോണിന്റെ മകൻ ജിനിൽ പറഞ്ഞു. അതിനെ രാഷ്‌ട്രീയവൽക്കരിക്കേണ്ടതില്ലെന്നും മറുപടിപറയാൻ ചുമതലപ്പെട്ടവർ മറുപടി പറയട്ടേയെന്നും ജിനിൽ പറഞ്ഞു. ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ വിഴിഞ്ഞത്ത് ദേശീയപാത ഉപരോധിച്ചിരുന്നു. രാമേശ്വരംവരെ തിരച്ചിൽ നടത്തുമെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാൽ ഞായറാഴ്‌ച തിരച്ചിൽ തുടങ്ങിയതായി തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു.










0 comments