പ്രണയാഭ്യർഥന നിരസിച്ചു
യുവാവിന്റെ കുത്തേറ്റ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

നെടുമങ്ങാട്
പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. മുഖത്തും കഴുത്തിനും മുതുകിലും വയറ്റിലും കുത്തേറ്റ വിദ്യാർഥിനി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. കഴുത്തിലും മുതുകിലുമേറ്റ മുറിവുകൾ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. വെമ്പായം കന്യാകുളങ്ങരയിൽ ചൊവ്വ ഉച്ചയോടെയാണ് സംഭവം. പനവൂർ വാഴോട് സ്വദേശിയായ സഹദ് (21) കന്യാകുളങ്ങര കൈതറക്കോണം സ്വദേശിയായ നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെ വീടിന് സമീപത്തുവച്ചാണ് കുത്തിയത്. സഹദിനെ വട്ടപ്പാറ പൊലീസ് പിടികൂടി. ടെക്സ്റ്റ് ബുക്ക് വാങ്ങാൻ വീടിന് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയെ കാറിലെത്തിയ സഹദ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തുമ്പോഴേക്കും പ്രതി കാറിൽ കടന്നുകളഞ്ഞു. നാളുകളായി സഹദ് പ്രണയാഭ്യർഥനയുമായി പിറകെ നടക്കുകയായിരുന്നെന്നും പെൺകുട്ടി നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആക്രമണശേഷം കാറിൽ കണിയാപുരത്തെ ബന്ധുവീട്ടിലേക്കാണ് സഹദ് പോയത്. കാർ കണിയാപുരത്ത് ഉപേക്ഷിച്ചശേഷം ബന്ധുവിനോടൊപ്പം പനവൂരിലെത്തി ഒളിവിൽ കഴിയാനുള്ള സാധനങ്ങൾ സമാഹരിച്ച് മടങ്ങും വഴി വട്ടപ്പാറ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.










0 comments