കന്പനികൾക്ക് കലക്ടറുടെ നിർദേശം
പന്പുകളിൽ പെസോ അംഗീകൃത ക്യാനുകൾ ഉറപ്പാക്കണം

കൊച്ചി
കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളാണ് ഇന്ധന പ്രതിസന്ധിക്ക് കാരണമെന്ന് കലക്ടർ ജി പ്രിയങ്ക വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെസോ അംഗീകൃത ക്യാനുകൾ പന്പുകളിൽ വിതരണംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ഓയിൽ കന്പനികളോട് നിർദേശിച്ചെന്നും കലക്ടർ പറഞ്ഞു. ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി, ഹോട്ടൽ അസോസിയേഷനുകൾ, ജെസിബി-– ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന് അടിയന്തരയോഗം ചേർന്നിരുന്നു.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവുപ്രകാരം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം നൽകാവൂ.
മുന്പും ഇൗ നിയമം ഉണ്ടായിരുന്നുവെങ്കിലും പുതിയ ഉത്തരവോടെ ഇത് നിർബന്ധമാക്കി. പ്ലാസ്റ്റിക് കുപ്പികളിലോ സാധാരണ ക്യാനുകളിലോ ഇന്ധനം കൊണ്ടുപോകുന്നത് സുരക്ഷാഭീഷണിയായതിനാലാണിത്.
നിലവിൽ ഇത്തരം ക്യാനുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പെട്രോൾ പമ്പുകളിൽത്തന്നെ ഇവ വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കാൻ ഓയിൽ കമ്പനികളോട് ആവശ്യപ്പെട്ടു. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ക്യാനുകൾ ലഭ്യമാക്കി ഇന്ധനവിതരണം സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് ക്ഷാമമില്ലെന്നും ആശങ്ക വേണ്ടെന്നും കലക്ടർ പറഞ്ഞു.










0 comments