ad
Deshabhimani

print edition ആരോഗ്യവകുപ്പിൽ ലെയ്‌സൺ ഓഫീസർ; ഇല്ലാത്ത തസ്‌തികയുണ്ടാക്കി നിയമനം

Health.jpg

ആരോഗ്യ വകുപ്പിൽ ലെയ്സൺ ഓഫീസർമാരുടെ അനധികൃത നിയമനത്തിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ-, 
കെജിഎൻഎ എന്നിവ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ

വെബ് ഡെസ്ക്

Published on Jun 17, 2026, 12:58 AM | 1 min read

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ഇല്ലാത്ത ലെയ്സൺ ഓഫീസർ തസ്‌തിക സൃഷ്‌ടിച്ച് ഇഷ്‌ടക്കാർക്ക്‌ നിയമനം. മെഡിക്കൽ വിദ്യാഭ്യാസ, ഹെൽത്ത് സർവീസസ് ഡയറക്‌ടറേറ്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനെന്ന പേരിലാണിത്‌.


കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ പൾമണോളജി പ്രൊഫസർ ഡോ. പി എസ്‌ ഷാജഹാനെയും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഗ്രേഡ്‌ 1 നഴ്‌സിങ്‌ ഓഫീസർ ജി ജി ഗിരീഷിനെയും ഡയറക്‌ടറേറ്റ്‌ ഓഫ്‌ മെഡിക്കൽ എഡ്യുക്കേഷനിലെ ചീഫ്‌ ലെയ്സൺ ഓഫീസർമാരായി നിയമിച്ചു.


ചിറയിൻകീഴ്‌ താലൂക്ക്‌ ആശുപത്രിയിലെ സൈക്യാട്രി ജൂനിയർ കൺസൾട്ടന്റ്‌ ഡോ. എസ്‌ പി ലിഖിനെയും നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്‌സിങ്‌ ഓഫീസർ കെ എസ്‌ സന്തോഷിനെയും ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഹെൽത്ത്‌ സർവീസസിലെ ചീഫ്‌ ലെയ്സൺ ഓഫീസർമാരാക്കി.


വിവിധ വകുപ്പുകൾക്ക്‌ സർക്കാരുമായി ആശയവിനിമയം നടത്താനും ഭരണം ഏകോപിപ്പിക്കാനും ഔദ്യോഗിക സംവിധാനങ്ങൾ നിലവിലുള്ളപ്പോഴാണ്‌ മാനദണ്ഡമില്ലാതെയും സേവനചട്ടം രൂപീകരിക്കാതെയുമുള്ള നിയമനം. ഒരേ സ്വഭാവത്തിലുള്ള തസ്‌തികകളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രൊഫസർ, ജൂനിയർ കൺസൾട്ടന്റ്‌, സീനിയർ നഴ്സിങ്‌ ഓഫീസർ, ഗ്രേഡ്-1 നഴ്സിങ്‌ ഓഫീസർ എന്നിങ്ങനെ വ്യത്യസ്‌ത പദവിയും യോഗ്യതയുമുള്ളവരെയാണ്‌ നിയമിച്ചത്‌.


വിവിധ ഏജൻസികളുമായി ചേർന്ന്‌ അടിസ്ഥാന സ‍ൗകര്യ പദ്ധതി, ആശുപത്രി ഭരണനിർവഹണം എന്നിവ ഏകോപിപ്പിക്കാനും സെക്രട്ടറിയറ്റുമായി ആശയവിനിമയം വേഗത്തിലാക്കാനുമാണ്‌ നിയമനമെന്നാണ്‌ ന്യായീകരണം.

ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഗവ. മെഡിക്കൽ കോളേജുകളിലും ലെയ്‌സൺ ഓഫീസർ തസ്‌തിക സൃഷ്‌ടിച്ച്‌ ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനും നീക്കമുണ്ട്‌.


ലെയ്സൺ ഓഫീസർ നിയമനം നടത്തിയിട്ടില്ലെന്ന്‌ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ട ആരോഗ്യമന്ത്രി കെ മുരളീധരൻ ഉത്തരവുണ്ടെന്ന്‌ മാധ്യമ പ്രവർത്തകർ പറഞ്ഞതോടെ തിരുത്തി. ഇത്‌ വർക്കിങ്‌ അറേഞ്ച്‌മെന്റ്‌ ആണെന്നും താൽക്കാലികമാണെന്നും ന്യായീകരിച്ചു. വകുപ്പിലെ കാര്യങ്ങൾ താനറിയുന്നില്ലെന്ന്‌ കരുതരുതെന്നും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home