print edition യുഎസ് ഇറാൻ സമാധാനക്കരാർ; വെല്ലുവിളിച്ച് ഇസ്രയേൽ

തെഹ്‌റാൻ/ടെൽ അവീവ്/ പാരിസ്: ഇറാന്റെ പോരാട്ടവീറിന് മുന്നിൽ 108–-ാംദിവസം അമേരിക്കയ്‌ക്ക് സമാധാനകരാറിന് വഴങ്ങേണ്ടിവന്നെങ്കിലും തീക്കളി തുടരാനുള്ള ഇസ്രയേൽനീക്കം പശ്ചിമേഷ്യൻ സമാധാനത്തിന് ഭീഷണിയാകുന്നു.
യുദ്ധം അവസാനിപ്പിക്കാനും ആഗോള എണ്ണവിതരണം പുനഃസ്ഥാപിക്കാൻ ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാൻ–യുഎസ് സമാധാനകരാർ വെള്ളിയാഴ്‌ച ഒപ്പുവയ്‌ക്കാനിരിക്കെയുള്ള ഇസ്രയേലിന്റെ കടുംപിടിത്തം മേഖലയെ ആശങ്കയിലാക്കി. ലെബനനിലെ സൈനിക നീക്കങ്ങളിൽനിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
അമേരിക്ക–ഇറാൻ കരാർ ഇസ്രയേലിന് ബാധകമല്ലെന്നാണ് വാദം.
എന്നാൽ, യുദ്ധം പൂർണമായി അവസാനിക്കണമെങ്കിൽ ലെബനനിലെ ഇസ്രയേലിന്റെ അധിനിവേശവും അവസാനിപ്പിക്കണമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ലെബനൻ ആക്രമണം അമേരിക്കയുമായുള്ള കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇസ്രയേലിന്റെ നീക്കത്തിൽ കടുത്ത അതൃപ്തി പ്രകടമാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹിസ്ബുള്ളയെ നേരിടാനെന്ന പേരിൽ ഇസ്രയേൽ ലെബനനിലെ പാർപ്പിട സമുച്ചയങ്ങൾ തകർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇസ്രയേൽ ഉത്തരവാദിത്വം കാണിക്കണമെന്നും ട്രംപ് പറഞ്ഞു.
ഇറാൻ ആണവായുധം നിർമിക്കാതിരിക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം. കരാർ ലംഘിച്ചാൽ ഇറാൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും –ഫ്രാൻസിൽ ജി7 ഉച്ചകോടിക്കിടെ ട്രംപ് പ്രതികരിച്ചു.
വെള്ളിയാഴ്‌ച സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഇറാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബാഗർ ഗാലിബാഫ്, യുഎസിനുവേണ്ടി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എന്നിവർ പങ്കെടുക്കും.
കരാറിന് മുന്നോടിയായി രണ്ട് ഘട്ടങ്ങളായി ചർച്ച നടക്കും. ഹോർമുസ്, യുഎസിന്റെ നാവിക ഉപരോധം നീക്കൽ, യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം എന്നിവയാണ് ആദ്യഘട്ടത്തിൽ. ആണവ സംബന്ധമായ കാര്യങ്ങളും ഉപരോധങ്ങൾ നീക്കുന്നതുമാണ് രണ്ടാംഘട്ടത്തിൽ.










0 comments