print edition അദാനിയുടെ കീശയിലേക്ക് 13.27 ലക്ഷം കോടി; കൽക്കരി ഉൗർജ കരാറുകൾ പതിച്ചുനൽകി ബിജെപി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദീർഘകാല കൽക്കരി ഉൗർജ കരാറുകൾ പൂർണമായും അദാനി ഗ്രൂപ്പിന്.
25 വർഷത്തിനുള്ളിൽ 13.27 ലക്ഷം കോടി അദാനിയുടെ കീശയിലെത്തിക്കാൻ സഹായിക്കുന്ന കരാറുകളാണിവ.
2024 മാർച്ച് മുതൽ 2026 ജനുവരി വരെ രാജ്യത്ത് മൊത്തം 12 ദീർഘകാല കൽക്കരി ഉൗർജ കരാറാണ് ടെൻഡർ ചെയ്യപ്പെട്ടത്. ബിജെപി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ ടെൻഡർ അദാനി ഗ്രൂപ്പ് ഒറ്റയ്‌ക്കോ അവരും മറ്റ് കന്പനികളും ചേർന്നോ സ്വന്തമാക്കിയെന്ന് ‘ദി റിപ്പോർട്ടേഴ്‌സ് കലക്‌റ്റീവി’ന്റെ റിപ്പോർട്ടിൽ പറയുന്നു.
പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നാല് ദീർഘകാല ടെൻഡറിൽ ഒന്ന് മാത്രമാണ് അദാനിക്ക് നേടാനായത്. ബിജെപി സർക്കാരുകൾ അദാനി ഗ്രൂപ്പിനെ സഹായിക്കുംവിധം വ്യവസ്ഥകളിൽ ഇളവ് വരുത്തിയതായും ആക്ഷേപമുണ്ട്.
25 വർഷത്തേക്ക് സ്വകാര്യ കന്പനികളിൽനിന്ന് കൽക്കരി ഉൗർജം വാങ്ങാൻ സംസ്ഥാനങ്ങളെ ബാധ്യതപ്പെടുത്തുന്ന കരാറുകളാണിത്.
ഇതുപ്രകാരം അദാനി ഗ്രൂപ്പ് നിർമിക്കുന്ന താപവൈദ്യുതി നിലയങ്ങളിലെ കൽക്കരി ഉൗർജം അദാനി ഗ്രൂപ്പ് സംസ്ഥാന വൈദ്യുതി ബോർഡിന് കൈമാറും.
ഭാവി ഉൗർജ ആവശ്യങ്ങൾ കണക്കിലെടുത്താണ് ദീർഘകാല സംവിധാനമെന്നാണ് ന്യായീകരണം. എന്നാൽ കരാർ പ്രകാരം ഉൗർജം ഉപയോഗിച്ചാലും ഇല്ലെങ്കിലും കമ്പനിക്ക് ഉയർന്നതുക നൽകാൻ സംസ്ഥാനസർക്കാർ ബാധ്യസ്ഥമാണ്. മഹാരാഷ്‌ട്രയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുമതി ഇല്ലാതെയാണ് അദാനിക്കുവേണ്ടി വ്യവസ്ഥകൾ മാറ്റിയത്.
അസമിൽ അദാനി തുടങ്ങാൻ പോകുന്ന 3200 മെഗാവാട്ട് താപ വൈദ്യുതിനിലയത്തിലെ അധിക ഉൗർജം വാങ്ങാൻ ബിജെപി സർക്കാർ തീരുമാനിച്ചു. ബിഹാറിൽ താപവൈദ്യുതി നിലയം തുടങ്ങാൻ അദാനിക്ക് 1000 ഏക്കർ ഭൂമി ‘ഒരു വർഷത്തിന് ഒരു രൂപ’ നിരക്കിൽ പാട്ടത്തിന് നൽകിയത് വിവാദമായിരുന്നു.










0 comments