ബിജെപി നേതാവിന്റെ പീഡനക്കേസ് ഒതുക്കാൻ നേതൃത്വം

പാളയം/തിരുവനന്തപുരം
ബിജെപി പ്രവർത്തകയെ, പാർടി നേതാവ് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്‌ത കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ. ബിജെപി ജില്ലാ നേതാവും വഞ്ചിയൂർ സ്വദേശിയുമായ സി പി സുനിൽ എന്ന വഞ്ചിയൂർ സുനിലിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പണം തട്ടൽ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. വഞ്ചിയൂർ സ്വദേശിയായ മഹിളാ മോർച്ച പ്രവർത്തകയാണ് പരാതിക്കാരി. അമ്മൂമ്മയുടെ മരണ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകാമെന്നും അമ്മയ്ക്കും ബന്ധുക്കൾക്കും പെൻഷൻ ശരിയാക്കി നൽകാമെന്നും വിശ്വസിപ്പിച്ച് സുനിൽ 5000 രൂപ വാങ്ങി. തിരിച്ച് നൽകാമെന്ന് പറഞ്ഞ് അരപ്പവൻ തൂക്കം വരുന്ന രണ്ട് ജോടി കമ്മലും ഒരു പവൻ വളയും കൈപ്പറ്റി. സ്വർണാഭരണങ്ങളും പണവും തിരികെ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയും പരാതി നൽകിയാൽ തന്നെയും കുടുംബത്തെയും ആക്രമിക്കുമെന്നും കൊല്ലുമെന്നും സുനിലും ഭാര്യയുംചേർന്ന് ഭീഷണിപ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും യുവതി പരാതി നൽകിയിരുന്നു. തട്ടിയെടുത്ത ആഭരണങ്ങൾ തിരിച്ചുനൽകിയശേഷം കേസ് പിൻവലിക്കാൻ സുനിലും ബിജെപി നേതാക്കളും പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. ബിജെപിയുടെ ജില്ലാ നേതാക്കളും ഉന്നതനേതാക്കളും ഇടപെട്ട് പൊലീസിനുമേൽ സമ്മർദം ചെലുത്തുന്നതായാണ് വിവരം. എന്നാൽ പീഡനപരാതിയായതിനാൽ സ്റ്റേഷനിലുള്ള ഒത്തുതീർപ്പ് നടക്കില്ലെന്നും കോടതിയെ സമീപിക്കാനുമാണ് പൊലീസിന്റെ നിർദേശം.










0 comments