കരാറുമില്ല നടപടികളുമില്ല
മെഡിക്കൽ കോളേജിൽ ചട്ടം ലംഘിച്ച് ലാബ് ഉപകരണം വാങ്ങി

മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിലെ ലാബിൽ സ്വകാര്യ കമ്പനി സ്ഥാപിച്ച രക്തപരിശോധനാ ഉപകരണം

സ്വന്തം ലേഖകൻ
Published on Nov 06, 2026, 12:00 AM | 1 min read
തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ-ശുപത്രി അത്യാഹിതവിഭാഗത്തിൽ ടെൻഡർ നടപടികളും മാനദണ്ഡങ്ങളും അട്ടിമറിച്ച് സ്വകാര്യ കമ്പനിയുടെ രക്തപരിശോധനാ ഉപകരണം സ്ഥാപിച്ചു. ഔദ്യോഗിക കരാറോ താൽപ്പര്യപത്രമോ ഇല്ലാതെ കമ്പനി നേരിട്ട് മെഷീൻ സ്ഥാപിച്ചതിനുപിന്നിൽ വൻ കമീഷൻകൊള്ളയുണ്ടെന്നാണ് ആക്ഷേപം. ആശുപത്രിയുടെ അത്യാഹിതവിഭാഗം സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ അറിഞ്ഞുകൊണ്ടാണ് നീക്കം. വികസനസമിതിയിലെ കോൺഗ്രസ് അനുകൂല അംഗങ്ങളുടെ ഒത്താശ ഇതിനുപിന്നിലുണ്ടെന്നും ആരോപണമുണ്ട്. റീയേജന്റ്, മെഷീൻ വാടക എന്നിവയ്ക്കായി കമ്പനി എത്ര തുക ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തതയില്ല. രോഗികളിൽനിന്ന് അമിതമായി പണം ഈടാക്കാനും ചൂഷണത്തിനും വഴിയൊരുക്കുന്നതാണിത്. നിലവിലുള്ള ലാബിന് സമാന്തരമായി പുതിയ ‘എമർജൻസി ലാബ്' തുടങ്ങി അടുത്തദിവസം ആരോഗ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കവുമുണ്ട്. കെഎംഎസ്‌സിഎൽ വഴി താൽപ്പര്യപത്രം ക്ഷണിച്ച് നിരക്കുകൾ താരതമ്യം ചെയ്താണ് ഉപകരണങ്ങൾ വാങ്ങാൻ കമ്പനിയെ തെരഞ്ഞെടുക്കേണ്ടത്. ഒപ്പം സുതാര്യമായാണ് സ്ഥാപിക്കേണ്ടത്. എന്നാൽ, ഇതെല്ലാം അട്ടിമറിച്ചാണ് സ്വകാര്യ കമ്പനിയുമായുള്ള ഇടപാട്. ദിവസേന ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന അത്യാഹിത വിഭാഗത്തെ സ്വകാര്യ കമ്പനികളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.









0 comments