Deshabhimani

കുന്നോളം പെരുമയിൽ 
കുന്നത്തുകാൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2026, 12:00 AM | 1 min read

വെള്ളറട

സഹ്യസാനുക്കളുടെ താഴ്‌വരയിൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മനോഹര ഗ്രാമമാണ്‌ നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ. കുന്നുകളും മലകളും താഴ്‌വാരങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് കുന്നത്തുകാലിന് ഈ പേരു സമ്മാനിച്ചത്. "കുന്നുകളുടെ കാൽക്കൽ’ അഥവ കുന്നുകൾ നിറഞ്ഞ പ്രദേശം എന്ന അർഥത്തിൽനിന്നാണ് കുന്നത്തുകാൽ എന്ന പേര് രൂപപ്പെട്ടത്‌. ഉയർന്ന പ്രദേശം എന്ന നിലയിൽ ‘കുന്നത്തൂർ' എന്ന പൂർവനാമത്തിൽനിന്നാണ്‌ കുന്നത്തുകാലിലേക്ക് എത്തിയതെന്നും പറയുന്നു. പ്രദേശത്ത് മുപ്പതിലധികം ചെറുതും വലുതുമായ കുന്നുകളുണ്ട്. കട്ടറമല, പത്തായപ്പാറ, വള്ളിച്ചിറ, കൊടുതൂക്കിപ്പാറ, വെട്ടിയോട്ടുമല, കക്കോട്ടുപാറ, കടലുകാണിക്കുന്ന്, കോട്ടുകോണം, മലയിൽപാറ, അരുവിക്കാവ്, കാഞ്ഞിരംകോണം തുടങ്ങി കുന്നുകളുടെ നീണ്ട നിര ഈ ഗ്രാമത്തിന്റെ അടയാളങ്ങളാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രത്തിനുംമുന്പേ പഴക്കമുള്ളതായി കരുതപ്പെടുന്ന ചരിത്രപ്രസിദ്ധമായ ചെഴുങ്ങാനൂർ ശ്രീ മഹാദേവ ക്ഷേത്രം കുന്നത്തുകാലിലാണ് സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ സംസ്കാരത്തിന്റെ ഈറ്റില്ലമായിരുന്നു ഈ പ്രദേശമെന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. അരുവിക്കാവ് ഭൂതത്താൻ, പൂവൻകാട് സർപ്പക്കാവ്, വെതുക്കോടുകോണം ഭൂതത്താൻ എന്നിവ ദ്രാവിഡ ആചാരങ്ങളുടെ ശേഷിപ്പുകളാണ്. 14–-ാം നൂറ്റാണ്ടിനും 18–-ാം നൂറ്റാണ്ടിനും ഇടയിൽ രചിക്കപ്പെട്ട തെക്കൻ പാട്ടായ ‘മൂവട്ടുമല്ലൻ കഥ'യുടെ പശ്ചാത്തലം മൂവേരിക്കര, കോവില്ലൂർ, പഴുകൽ പ്രദേശങ്ങളാണ്. ഇതിലെ മൂവേരിക്കരയ്ക്കുസമീപമുള്ള വലിയപടിക്കൽ വീട്ടിൽ പണം നൽകി വിടുതിക്കാരായി താമസിക്കാൻ സൗകര്യമുണ്ടായിരുന്നതായി പരാമർശമുണ്ട്. അതായത്, ഇന്നത്തെ ആധുനിക ‘ഹോംസ്റ്റേ' സമ്പ്രദായം നൂറ്റാണ്ടുകൾക്ക് മുന്പേ നിലനിന്നിരുന്ന നാടായിരുന്നു കുന്നത്തുകാൽ. 1940-കളിൽ രൂപീകരിക്കപ്പെട്ട 'ഗ്രാമോദ്ധാരണ സഭ'യാണ് പിന്നീട് 1953-ൽ ജനാധിപത്യ രീതിയിലുള്ള ആദ്യ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തായി മാറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home