ഒളിമങ്ങാതെയുണ്ട് ചുവരിലെഴുതിയ മുദ്രാവാക്യം

അടിയന്തരാവസ്ഥക്കാലത്ത് രാമൻ വൈദ്യരുടെ പശുത്തൊഴുത്തിന്റെ ചുവരിൽ ജ്ഞാനശീലൻ കുറിച്ചിട്ട മുദ്രാവാക്യം
കാട്ടാക്കട : അടിയന്തരാവസ്ഥയുടെ ഭീതിദമായ കറുത്ത നാളുകളിൽ യുവരോഷം ഇരമ്പിയപ്പോൾ പൂവച്ചലിലെ ചുവരിൽ ജ്ഞാനശീലൻ കുറിച്ചിട്ടു ‘ഇന്ദിരയുടെ അടിയന്തരാവസ്ഥ അറബിക്കടലിൽ’. 1975 ജൂണിലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അരനൂറ്റാണ്ട് പിന്നിടുമ്പോഴും പൂവച്ചൽ കുറക്കോണം സ്വദേശി രാമൻ വൈദ്യരുടെ പശുത്തൊഴുത്തിന്റെ ചുവരിൽ മുദ്രാവാക്യം മങ്ങാതെയുണ്ട്. അന്നും ഇന്നും കോൺഗ്രസ് പ്രവർത്തകനാണ് രാമൻ വൈദ്യർ. എന്നാൽ, അടിയന്തരാവസ്ഥയോട് വിയോജിപ്പുണ്ടായിരുന്നു.
പാർടി കത്തുകൾ കൈമാറുന്ന ഉത്തരവാദിത്വം ആയിരുന്നു ജ്ഞാനശീലനും അന്തരിച്ച ജി കെ ചന്ദ്രനും ഉണ്ടായിരുന്നത്. ജ്ഞാനശീലന് പ്രായം പതിനാറ്. കുമ്മായവും കള്ളിപ്പാലും ചേർത്ത് തെങ്ങിൻ ക്ലാഞ്ഞിൽ ചതച്ചതുകൊണ്ടാണ് അന്നവർ പ്രതിഷേധത്തിന്റെ ചുവരെഴുതിയത്. ചുവരെഴുതിയത് ആരാണെന്ന് അന്വേഷിച്ച് പൊലീസ് പലരുടെയും വീടുകൾ കയറിയിറങ്ങിയിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ പായൽ പിടിച്ച് വൃത്തികേടായ ചുവർ പലവട്ടം വൃത്തിയാക്കിയെങ്കിലും മുദ്രാവാക്യം മായ്ക്കാൻ രാമൻ വൈദ്യർ അനുവദിച്ചില്ല.
സിപിഐ എം പ്രവർത്തകനായി ജ്ഞാനശീലൻ സജീവമായി ഇന്നും രംഗത്തുണ്ട്. മുളമൂട് ബ്രാഞ്ച് അംഗമാണ്. പൗരസ്വാതന്ത്ര്യത്തെ തുറങ്കിലടച്ച 21 മാസത്തെക്കുറിച്ച് ഓർക്കുമ്പോൾ ജ്ഞാനശീലന്റെ കണ്ണുകളിലുണ്ട് സമരത്തിളക്കം.









0 comments