രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റം സമരം
കൂടുതൽ ശക്തമാക്കും: കെഎസ്‌ആർടിഇഎ

ട്രാൻസ്പോർട്ട് ഭവനുമുന്നിൽ കെഎസ്‌ആർടിഇഎ നടത്തുന്ന അനിശ്ചിതകാല ധർണ ആറാം ദിനം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കുക, അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥലംമാറ്റം അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ട്രാൻസ്പോർട്ട് ഭവനുമുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല ധർണ കൂടുതൽ ശക്തമാക്കാൻ കെഎസ്‌ആർടിഇഎ. ധർണ നടത്തുന്നതിനിടയിൽ അസോസിയേഷൻ ചീഫ് ഓഫീസ് യൂണിറ്റ് പ്രസിഡന്റായ സൂപ്രണ്ട് രേഖാ ലക്ഷ്‌മിയെ ആദ്യം പാപ്പനംകോട് യൂണിറ്റിലും തുടർന്ന് ആനയറ സ്വിഫ്റ്റിലും ഇപ്പോൾ അട്ടക്കുളങ്ങള സ്റ്റാഫ് ട്രെയിനിങ് സെന്ററിലേക്കും സ്ഥലംമാറ്റി. ഒരാഴ്‌ചക്കിടയിൽ 3 സ്ഥലംമാറ്റം. സംസ്ഥാന ഭാരവാഹിയായ അസിസ്റ്റന്റ് എസ് സിന്ധുവിനെ ഒരാഴ്‌ചക്കിടെ രണ്ട് തവണയാണ് സെക്‌ഷൻ ട്രാൻസ്ഫർ നടത്തിയത്. ഈ നടപടികൾ തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ അറിയിച്ചു. അനിശ്ചിതകാല ധർണ ആറാം ദിവസം കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ്- സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ പത്മകുമാർ അധ്യക്ഷനായി. മധു ബി ഗോപൻ, എസ് വിനോദ്, ഹണി ബാലചന്ദ്രൻ, എസ് സുജിത് സോമൻ, ആർ ഹരിദാസ്, എസ് ആർ നിരീഷ്, എസ് സുജിത് കുമാർ എന്നിവർ സംസാരിച്ചു.










0 comments