വിഹിതം വെട്ടി മോഡിയും വിഡിയും
സമരജ്വാലയായ് തൊഴിലുറപ്പ് തൊഴിലാളികൾ

ആലപ്പുഴ
തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചതിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്തുകൾക്ക് മുന്നിൽ സമരം നടത്തി. ജൂലൈ ഒന്നു മുതൽ തൊഴിലുറപ്പ് പദ്ധതി മാറ്റി കേന്ദ്ര സർക്കാർ വിബിജിആർഎഎംജി പദ്ധതി നടപ്പാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനാണ് കേന്ദ്ര ശ്രമം. ഇതിനെ പിന്തുണയ്‌ക്കുന്നതാണ് സംസ്ഥാന സർക്കാർ ബജറ്റ്. സംസ്ഥാന വിഹിതമായി 1422.60 കോടി മാത്രമാണ് കേരള സർക്കാർ വകയിരുത്തിയത്. കേന്ദ്രം സംസ്ഥാന വിഹിതം 40 ശതമാനമായി വർധിപ്പിച്ചിരുന്നു. അതിനാൽ 2090. 96 കോടി രൂപയാണ് കണ്ടെത്തേണ്ടത്. ആവശ്യമായതിനെക്കാൾ 668 കോടിയിലധികം രൂപയാണ് ബജറ്റിൽ കുറച്ചത്. ഇത് സംസ്ഥാനത്ത് തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിച്ചുരുക്കും. പഞ്ചായത്തുകൾക്ക് മുന്നിലെ സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ദേവികുളങ്ങര പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമരം ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ സെക്രട്ടറി പി പി സംഗീത മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ഉദ്‌ഘാടനംചെയ്‌തു. ചെങ്ങന്നൂർ യൂണിയൻ ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി കൊല്ലകടവിൽ സംഘടിപ്പിച്ച സമരം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എം ശ്രീദേവി ഉദ്ഘാടനംചെയ്തു. ലീലാമ്മ ഐസക്ക് അധ്യക്ഷയായി. വത്സമ്മ സോമൻ, ടി എ ഷാജി, കാർത്തികേയൻ , ഉഷ സുകുമാരൻ, ഗീത മധു , നിർമ്മല എന്നിവർ സംസാരിച്ചു.









0 comments