ആരോഗ്യവകുപ്പ് "കോമ’യിൽ; മരണപ്പനിയിൽ വിറച്ച്


സ്വന്തം ലേഖകൻ
Published on Jun 23, 2026, 01:09 AM | 1 min read
പാലക്കാട്
നാട്ടിൽ ഭീതിവിതച്ച് പകർച്ചവ്യാധി പടർന്നുപിടിക്കുന്നു. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പിന്നാലെ ജില്ലയിൽ ആദ്യ എച്ച്1എൻ1 മരണവും റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസംമുന്പ് മരിച്ച കുമരംപുത്തൂർ സ്വദേശി മുപ്പത്തിനാലുകാരിയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഒന്നര മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതിനിടെ എലിപ്പനി ബാധിച്ച് രണ്ടാമത്തെയാളും മരിച്ചു. വാണിയംകുളം തൃക്കങ്ങോട് മുല്ലപ്പറന്പിൽ രാജേഷാണ് (32) മരിച്ചത്. തിങ്കളാഴ്‌ചമാത്രം 40 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 26 പേർ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. അങ്കണവാടി ജീവനക്കാരിയായ ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്തുകുളമ്പ് സ്വദേശിനി ഗീത, കരിമ്പുഴ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ വീട്ടിൽ മറിയ, താഴേക്കോട് പിടിഎംഎച്ച്എസ്‌എസിലെ അധ്യാപകൻ കരിമ്പുഴ കരിപ്പമണ്ണ പുളിക്കാഞ്ചേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ, അകത്തേത്തറ സ്വദേശികളായ കൃഷ്‌ണൻ, മോഹനൻ, പട്ടാന്പി സ്വദേശിയായ എഴുപത്തിനാലുകാരി എന്നിവരാണ് ഒന്നര മാസത്തിനിടെ ഡെങ്കിപ്പനിമൂലം മരിച്ചത്. ഇതിൽ മൂന്നുപേർ കഴിഞ്ഞ ആഴ്‌ചയാണ് മരിച്ചത്. അഗളി, അകത്തേത്തറ, ആലത്തൂർ, അമ്പലപ്പാറ, അനങ്ങനടി, കടമ്പഴിപ്പുറം, കാരാകുറുശി, കരിമ്പുഴ, കാവശേരി, കുമരംപുത്തൂർ, ലെക്കിടി പേരൂർ, പട്ടാമ്പി, തരൂർ, തച്ചനാട്ടുകര, വെള്ളിനേഴി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി വ്യാപിച്ചത്. ജൂണിൽ ഇതുവരെ 238 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി, ഏലിപ്പനി, എച്ച്1 എൻ1 അടക്കം പകർച്ചവ്യാധികൾ ജില്ലയിലാകെ പടർന്നുപിടിക്കുന്പോഴും സർക്കാർ സംവിധാനങ്ങളും ആരോഗ്യവകുപ്പും നിസംഗതയിലാണ്. ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം പാളി. പ്രവർത്തനങ്ങൾ ഏകോപിക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്ക് കഴിയാത്തത് ജനങ്ങളെയാകെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്പോഴും ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജില്ലയിൽനിന്നുള്ള മന്ത്രിമാരായ എൻ ഷംസുദ്ദീനും കെ എ തുളസിയും സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലുമാണ്. ജില്ലയിൽ ഇത്തവണ മഴക്കാല പൂർവ ശുചീകരണം ഉൾപ്പെടെ പാളിയിരുന്നു. മഴ തുടങ്ങിയ ശേഷമാണ് ഉന്നതതല യോഗംപോലും ചേർന്നത്.








0 comments