ad
Deshabhimani

ഇന്ന്‌ അന്താരാഷ്‌ട്ര 
ഒളിമ്പിക്സ്‌ ദിനം

തോൽവികളിൽ തളരരുത്‌ - ഓർമകളുടെ ട്രാക്കിൽ പ്രീജ ശ്രീധരൻ

Preeja Sreedharan

പ്രീജ ശ്രീധരൻ

avatar
ജിജോ ജോർജ്‌

Published on Jun 23, 2026, 01:13 AM | 1 min read

പാലക്കാട്‌

‘ഒളിന്പിക്‌സിന്റെ വലുപ്പം അറിയാതെയാണ്‌ അന്ന്‌ പങ്കെടുത്തത്‌. 2008 ബെയ്‌ജിങ്‌ ഒളിന്പിക്‌സിൽ 10,000 മീറ്ററിലാണ്‌ മത്സരിച്ചത്‌. കൂടെ ഓടുന്നവരെയൊന്നും അറിയുമായിരുന്നില്ല. ലോകത്തിലെ മികച്ച താരങ്ങൾക്കൊപ്പമാണ്‌ മത്സരിച്ചതെന്ന്‌ ഇപ്പോഴാണ്‌ മനസ്സിലാക്കുന്നത്‌. റഷ്യക്കാരനായ ഡോ. നിക്കോളായ് സെൻസരേവ് ആയിരുന്നു അന്നത്തെ പരിശീലകൻ. ബെയ്‌ജിങ്ങിൽ ഉസൈൻ ബോൾട്ടിനെ കണ്ടിരുന്നുവെങ്കിലും പരിചയപ്പെടാൻ കഴിഞ്ഞില്ല–ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ദീർഘദൂര അത്‌ലീറ്റുകളിലൊരാളായ പ്രീജ ശ്രീധരൻ തന്റെ ഒളിന്പിക്‌സ്‌ ഓർമകളിലേക്ക്‌ ആഴ്‌ന്നിറങ്ങി. ‘പുതിയ കുട്ടികൾക്ക്‌ ഒരുപാട്‌ അവസരങ്ങളുണ്ട്‌. ഒളിന്പിക്‌സ്‌ തന്നെയാകണം ഒരോ താരത്തിന്റെ ലക്ഷ്യം. നീരജ്‌ ചോപ്ര മെഡൽ നേടിയില്ലേ. ഒരുപാട്‌ പുതിയ കുട്ടികൾ വരും. ഇന്ത്യക്ക്‌ കൂടുതൽ കിട്ടുന്ന കാലംവരും. ഒന്നോ രണ്ടോ മത്സരത്തിൽ തോറ്റുപോയാലും നിരാശപ്പെടരുത്‌. ഞാൻ എത്രയോ തവണ എറ്റവും പിന്നിലായിട്ടുണ്ട്‌. അന്ന്‌ പലരും കളിയാക്കി. നമ്മൾ തോറ്റുകൊടുക്കരുത്‌. നമ്മളെക്കൊണ്ട്‌ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കുക. ഒരുനാൾ വിജയം നമ്മുക്കൊപ്പമുണ്ടാകും. തോറ്റുപോയപ്പോൾ നിർത്തിയിരുന്നെങ്കിൽ ഇടുക്കി രാജക്കാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഞാൻ ഒളിന്പിക്‌സ്‌ വേദിയിൽ എത്തുമായിരുന്നോയെന്നും പ്രീജ ചോദിക്കുന്നു. 2010-ൽ ചൈനയിലെ ഗ്വാങ്‌ഷൂ ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയും നേടിയ പ്രീജയെ അർജുന അവാർഡ്‌ നൽകി രാജ്യം ആദരിച്ചു. പാലക്കാട്‌ റെയിൽവേ ഡിവിഷനിൽ ചീഫ്‌ ഓഫീസ്‌ സൂപ്രണ്ടായ പ്രീജ ഒലവക്കോട്‌ റെയിൽവേ കോളനിയിലെ ക്വാർട്ടേഴ്‌സിൽ അമ്മ രമണിക്കും കുടുംബത്തിനൊപ്പവുമാണ്‌ താമസം. ഭർത്താവ്‌: ഡോ. ദീപക്‌ (കോങ്ങാട്‌ പിഎച്ച്‌സി). മക്കൾ: ദർശനൻ ദീപക്‌, ധ്യാൻ ദീപക്‌(ഇരുവരും വിദ്യാർഥികൾ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home