യുഡിഎഫ് സർക്കാരിന്റെ കടുംവെട്ട്
ജില്ലയ്ക്ക് നഷ്ടം 126 കോടി

അമൽ ഷൈജു
Published on Jun 23, 2026, 02:13 AM | 1 min read
കൊല്ലം
യുഡിഎഫ് സർക്കാരിന്റെ കടുംവെട്ടിൽ ഗുരുതര പ്രതിസന്ധിയിലായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. സംസ്ഥാന ബജറ്റിൽ വികസന ഫണ്ടിനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ 126കോടി രൂപ വെട്ടിക്കുറച്ചു. എൽഡിഎഫ് സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റിൽ തദ്ദേശ വിഹിതമായി ജില്ലയിൽ അനുവദിച്ച 633.51 കോടി രൂപ യുഡിഎഫ് സർക്കാർ പുതുക്കിയ ബജറ്റിൽ 506.83കോടി രൂപയായി വെട്ടിക്കുറച്ചു. മുൻ ബജറ്റിൽ അനുവദിച്ച ഫണ്ടിലെ 126,68,02,000 രൂപയാണ് ഇത്തവണ വി ഡി സതീശൻ സർക്കാർ കവർന്നെടുത്തത്. പഞ്ചായത്തുകളുടെ ഫണ്ടിൽനിന്ന് 23.30കോടി, ബ്ലോക്ക് പഞ്ചായത്തുകളുടെ 3.52കോടി, മുനിസിപ്പാലിറ്റികളിലെ 16.54കോടി, കോർപറേഷന്റെ 75.99കോടി, ജില്ലാപഞ്ചായത്തിന്റെ 7.31 കോടി എന്നിങ്ങനെ വെട്ടിക്കുറച്ചു. എന്നാൽ, ഇൗ കുറവ് കണക്കിൽപ്പെടുത്താതിരിക്കാൻ 16–ാം ധനകമീഷന്റെ ഗ്രാന്റ്‌കൂടി ഉൾപ്പെടുത്തിയാണ് ബജറ്റ് രേഖ സർക്കാർ പുറത്തുവിട്ടത്. എന്നിട്ടുപോലും ഫണ്ട് കുറാവായിരുന്നു. ഗ്രാന്റ് തുക എത്ര കിട്ടുമെന്ന് വ്യക്തമാകാത്തതിനാൽ അത് ഉൾപ്പെടുത്താതെയാണ് എൽഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിച്ചതും തുക അനുവദിച്ചതും. എന്നിട്ട് പോലും ഉയര്‍ന്ന ഫണ്ടാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഗ്രാന്റ് തുകകൂടി ഉൾപ്പെടുത്തി സംസ്ഥാന വിഹിതത്തിലെ കുറവ് മറയ്ക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. പഞ്ചായത്തുകൾക്ക് 331. 28കോടി രൂപയാണ് അവസാന ബജറ്റിൽ എൽഡിഎഫ് സർക്കാർ അനുവദിച്ചത്. എന്നാൽ, പുതുക്കിയ ബജറ്റിൽ യുഡിഎഫ് ഇത് 307.97കോടിയായി ചുരുക്കി. 23.30കോടി രൂപയുടെ കുറവാണുണ്ടായത്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് മുൻ ബജറ്റിൽ നൽകിയ 77.65കോടി രൂപ പുതുക്കിയ ബജറ്റിൽ 74.13കോടിയായി കുറച്ചു. മുനിസിപ്പാലിറ്റികൾക്കുള്ള ഫണ്ട് 32.29കോടിയായിരുന്നത് പകുതിയോളം വെട്ടിക്കുറച്ച് 15.75കോടിയാക്കി. കോർപറേഷൻ ഫണ്ടിലാണ് വലിയ കുറവുണ്ടായത്. മുൻ സർക്കാർ അനുവദിച്ച 106.13കോടി രൂപയിൽനിന്ന് 75.99കോടി വെട്ടിക്കുറച്ച് 30.13കോടി രൂപയാക്കി. ജില്ലാപഞ്ചായത്ത് വിഹിതമായിരുന്ന 86.15കോടി രൂപയിൽനിന്ന് 7.31കോടി കുറച്ച് 78.83കോടിയാക്കി. തദ്ദേശസ്ഥാപനങ്ങൾ വഴി നടത്തേണ്ട വികസന പ്രവർത്തനങ്ങൾക്കുള്ള വിഹിതത്തിൽനിന്ന് 1534കോടി രൂപ സംസ്ഥാനത്താകെ യുഡിഎഫ് സർക്കാർ കുറച്ചു.









0 comments