കീർ സ്റ്റാമർ; 10 വർഷത്തിനിടെ പടിയിറങ്ങുന്ന ആറാമത്തെ പ്രധാനമന്ത്രി

ലണ്ടൻ : കീർ സ്റ്റാമറുടെ രാജിപ്രഖ്യാപനത്തോടെ ബ്രിട്ടീഷ് രാഷ്ട്രീയം വീണ്ടും അസ്ഥിരതയിലേക്ക്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജിവച്ചൊഴിയുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് സ്റ്റാമർ. 2016 മുതൽ പ്രധാനമന്ത്രി പദവിയിലെത്തിയ പ്രമുഖരെല്ലാം കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊടുവിലാണ് കസേര ഒഴിഞ്ഞത്.
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോകണമോ (ബ്രെക്സിറ്റ്) എന്നതിൽ ജനഹിതപരിശോധനയ്ക്ക് വഴിതുറന്ന ഡേവിഡ് കാമറൂണാണ് ആദ്യം രാജിവച്ചത്. ജനങ്ങൾ ബ്രെക്സിറ്റിന് അനുകൂലമായി വിധി എഴുതിയതോടെ, അതിനെതിരെ പ്രചാരണം നയിച്ച കാമറൂൺ 2016 ജൂണിൽ രാജി വച്ചു. കാമറൂണിന് പിന്നാലെ ബ്രെക്സിറ്റ് കരാർ നടപ്പാക്കുക എന്ന ദൗത്യവുമായി തെരേസ മേ അധികാരമേറ്റെടുത്തു. യുറോപ്യൻ യൂണിയനുമായി വേർപിരിയൽ കരാറിലെത്തിയെങ്കിലും സ്വന്തം പാർടിയായ കൺസർവേറ്റീവ് പാർട്ടിയിലെ കടുത്ത ഭിന്നത കാരണം അത് പാർലമെന്റിൽ മൂന്ന് തവണ പരാജയപ്പെട്ടു. ഇതോടെ 2019 മെയിൽ അവരും രാജിവച്ചു.
തുടർന്ന് അധികാരത്തിലെത്തിയ ബോറിസ് ജോൺസൺ ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പൂർണമായി പുറത്തെത്തിച്ചു. എന്നാൽ കോവിഡ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിൽ പാർടി നടത്തിയതും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർത്തു. മന്ത്രിമാരും സഖ്യകക്ഷികളും കൂട്ടത്തോടെ രാജിവെച്ചതോടെ ജോൺസൺ പുറത്തായി. ജോൺസണ് ശേഷം വന്ന ലിസ് ട്രസ് വെറും ആറ് ആഴ്ച മാത്രമാണ് പ്രധാനമന്ത്രി കസേരയിലിരുന്നത്. ഇത് ചരിത്രവുമാണ്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനെന്ന പേരിൽ അവർ കൊണ്ടുവന്ന അപ്രായോഗികമായ നികുതിയിളവുകൾ രാജ്യത്തെ കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതോടെ സ്വന്തം പാർടിയിൽ നിന്ന് തന്നെ പിന്തുണ നഷ്ടപ്പെട്ടാണ് അവർ രാജിവച്ചത്.
ലിസ് ട്രസിന് പിന്നാലെ പണപ്പെരുപ്പം കുറയ്ക്കാനും കുടിയേറ്റം തടയാനുമെന്ന വാഗ്‌ദാനങ്ങളോടെയാണ് ഇന്ത്യൻ വംശജനായ ഋഷി സുനക് അധികാരമേറ്റത്. എന്നാൽ കൺസർവേറ്റീവ് പാർടിയുടെ ജനപ്രീതി തിരിച്ചുപിടിക്കാൻ അദ്ദേഹത്തിനായില്ല. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതോടെ സുനകും ഒഴിഞ്ഞു. ഇതിനുശേഷമാണ് 2024ൽ വലിയ ഭൂരിപക്ഷത്തോടെ ലേബർ പാർടിയുടെ കീർ സ്റ്റാമർ അധികാരത്തിലെത്തിയത്. തകർന്ന സമ്പദ്‌വ്യവസ്ഥയും പൊതുസേവനങ്ങളും പുനർനിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടു വർഷത്തിനകം സ്റ്റാമറുടെ ജനപ്രീതിയും കുത്തനെ ഇടിഞ്ഞു. ഒടുവിൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പാർടിയെ നയിക്കാൻ അനുയോജ്യനല്ലെന്ന സഹപ്രവർത്തകരുടെ നിലപാട് അംഗീകരിച്ച് സ്റ്റാമറും പടിയിറങ്ങി.









0 comments