കാർഷിക മേഖലയിൽ ആശങ്ക
മഴ കുറഞ്ഞു; അണക്കെട്ടുകൾ നിറയുന്നില്ല

മഴ കുറവായതിനാൽ ജലനിരപ്പ് താഴ്ന്ന മലമ്പുഴ അണക്കെട്ട് /ഫോട്ടോ സുമേഷ് കോടിയത്ത്

സ്വന്തം ലേഖകൻ
Published on Jun 23, 2026, 01:16 AM | 1 min read
പാലക്കാട്
മഴക്കാലമായിട്ടും ജില്ലയിലെ അണക്കെട്ടുകൾ നിറയാതായതോടെ ആശങ്കയിലായി കർഷകർ. ജൂൺ അവസാനത്തിലെത്തുമ്പോഴും സംഭരണ ശേഷിയുടെ പകുതിയിൽ താഴെമാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ വർഷത്തേക്കാളും കുറവാണിത്. മഴ വൈകിയ കാരണം ഒന്നാംവിളയിറക്കലും നീണ്ടുപോയി. ഇത് കാർഷിക കലണ്ടറിനെയും താളം തെറ്റിച്ചു. സാധാരണ മെയ് പകുതിയോടെ മഴ ലഭിച്ചുതുടങ്ങുന്ന ജില്ലയിൽ ഇത്തവണ വരണ്ട കാലാവസ്ഥയായിരുന്നു. വേനലിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വേനൽമഴ ലഭിച്ചത് ജില്ലയിലാണ്. 38 ശതമാനത്തോളം കുറവ് മഴയാണ് റിപ്പോർട്ട് ചെയ്തത്. നീരുറവകൾ നിലച്ചതോടെ ഏപ്രിലിൽ തന്നെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ നിലം കണ്ടിരുന്നു. ജൂൺ ആദ്യവാരത്തിൽ മഴ ലഭിച്ചുതുടങ്ങിയെങ്കിലും വെള്ളം നിറഞ്ഞില്ല. ഇതുവരെ 225.7 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 316.5 മില്ലിമീറ്ററാണ് ലഭിക്കേണ്ടത്. സാധാരണ ലഭിക്കേണ്ട തോതിനേക്കാൾ 29 ശതമാനം കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇൗസമയത്ത് മൂലത്തറ, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിലെ ഷട്ടറുകൾ തുറന്നിരുന്നു. ജൂലൈയിലും മഴ തകർത്ത് പെയ്തതോടെ മുഴുവൻ അണക്കെട്ടുകളിലും ഷട്ടറുകൾ ഉയർത്തിയിരുന്നു.










0 comments