കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു

കെഎസ്‌കെടിയു ജില്ലാ സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർപേഴ്സൺ ഒ എസ് അംബിക എംഎൽഎ പതാക ഉയർത്തുന്നു

സ്വന്തം ലേഖകൻ
Published on Nov 13, 2026, 12:14 AM | 1 min read
ആറ്റിങ്ങൽ
കെഎസ്കെടിയു തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു. മാമത്തെ സമ്മേളന വേദിയിൽ സംഘാടക സമിതി ചെയർപേഴ്സൺ ഒ എസ് അംബിക പതാക ഉയർത്തി. കൊടിമര, പതാക, ദീപശിഖാ റാലികൾ വി എസ് അച്യുതാനന്ദൻ നഗറിൽ (എസ്എസ് പൂജ കൺവൻഷൻ സെന്റർ) വ്യാഴം വൈകിട്ട് സംഗമിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന ആറ്റിങ്ങലിലെ എം രാമാനന്ദൻ സ്മൃതിമണ്ഡപത്തിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗം ബി പി മുരളി ക്യാപ്റ്റനായ കൊടിമര ജാഥ സിഐടിയു ജില്ലാ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ രാജേന്ദ്രന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെട്ട ടി എൻ വിജയൻ ക്യാപ്റ്റനായ പതാക ജാഥ സിപിഐ എം കിളിമാനൂർ ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ചന്തവിള ശ്രീധരൻ പിള്ളയുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെട്ട ദീപശിഖാ റാലി സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ഡി രമേശൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി കർഷകത്തൊഴിലാളി യൂണിയൻ നേതാക്കളായ ഒ എസ് അംബിക, ബി പി മുരളി, എസ് ശശാങ്കൻ, ഡി കെ ശശി, ഷെർളി, ആർ രാജു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, സിപിഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ സുഭാഷ് എന്നിവർ ചേർന്ന് വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ കൊടിമരവും പതാകയും ദീപശിഖയും ഏറ്റുവാങ്ങി. തുടർന്ന് പുരോഗമന കലാസാഹിത്യസംഘം അവതരിപ്പിച്ച "മിസ "നാടകവും അരങ്ങേറി. വെള്ളി രാവിലെ ഒന്പതിന് പ്രതിനിധി സമ്മേളനം കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.









0 comments