print edition എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം; സർക്കാർ ഇടപെടണം: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം : എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ വിഷയത്തിൽ സർക്കാർ അടിയന്തര ചർച്ച നടത്തി പരിഹരിക്കാനാകുന്നവ പരിഹരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുനഃസ്ഥാപിച്ച സമരപ്പന്തലിൽ മടങ്ങിയെത്തിയ സമരസമിതി സെക്രട്ടറി എസ് വളർമതിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരപ്പന്തൽ പൊളിച്ചാൽ സമരം അവസാനിക്കില്ല. കാട്ടാളത്ത നിലപാടെടുത്ത് മുന്നോട്ടുപോയാൽ വഴങ്ങാൻ ഒരു പ്രസ്ഥാനവും തയ്യാറാകില്ല. നിരാഹാരസമരം പോലെയുള്ള സഹനസമരം ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നു. അത് വേണ്ടെന്നാണ് സർക്കാർ നിലപാട്.
ജനാധിപത്യവിരുദ്ധനിലപാടാണ് ഉദ്യോഗാർഥികളുടെ സമരത്തിനുനേരെയുണ്ടായത്. വളർമതിയെ വലിച്ചിഴച്ചുകൊണ്ടുപോയതും സമരപ്പന്തൽ പൊളിച്ചതും മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ്. തകർത്ത സമരപ്പന്തൽ ഉടൻ പുനഃസ്ഥാപിച്ചത് കേരള ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. ജനാധിപത്യ സമരങ്ങൾക്ക് സിപിഐ എം പിന്തുണ നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments