കോവളത്തെ സ്‌പാ പീഡനം ഹെൽത്ത് ഇൻസ്പെക്ടറുമായി തെളിവെടുപ്പ് നടത്തി

ഹെൽത്ത് ഇൻസ്പെക്‌ടർ അനുരൂപിനെ സ്പായിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
കോവളം
കോവളത്ത് സ്പായിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടന്നു. അറസ്റ്റിലായ പ്രതികളിൽ കസ്റ്റഡിയിൽ വാങ്ങിയ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്‌ടർ അനുരൂപിനെയാണ് (47) ബുധൻ രാവിലെ കോവളത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇയാൾക്ക് ഇടപാടുകളുള്ള ആവാടുതുറയില ഡ്രീംസ് സ്‌പായിലാണ് തെളിവെടുപ്പ് നടത്തിയതെന്ന് എസ്ഐടി ചുമതലയുള്ള അസി. കമീഷണർ എസ് ചന്ദ്രകുമാർ പറഞ്ഞു. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ചോദ്യംചെയ്‌തു വരികയാണ്. ഇയാളെ ചോദ്യംചെയ്‌തതിൽനിന്ന് നിർണായക വിവരങ്ങളും നിരവധി രേഖകളും ലഭിച്ചതായും അന്വേഷകസംഘം പറഞ്ഞു. സ്പാകളിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽനിന്ന് ലഭിച്ച ഇടപാടുകാരുടെ ഫോട്ടോകൾ പെൺകുട്ടിയെ കാണിച്ച് ഉറപ്പുവരുത്തിയശേഷം കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ മൂന്ന്, നാല് പ്രതികളായ സ്‌പാ ഉടമകൾക്കായി നൽകിയ കസ്റ്റഡി അപേക്ഷ ആറിനും ഒന്നാംപ്രതിയായ പെൺകുട്ടിയുടെ ഇളയമ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ ഏഴിനും പരിഗണിക്കും. ആന്ധ്ര സ്വദേശിനിയെയാണ് കോവളത്തെ സ്‌പാകളിലെത്തിച്ച് പീഡനത്തിനിരയാക്കിയത്. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കോവളത്തെ സ്പാകളിൽ തുടർച്ചയായ പരിശോധന ഉണ്ടാകുമെന്നും അനധികൃത സ്പാകൾ പൂട്ടിക്കുമെന്നും എസ്ഐടി സംഘാംഗം കോവളം സിഐ വി എം ശ്രീകുമാർ പറഞ്ഞു.









0 comments