Deshabhimani

കൂടത്തിൽ കേസ്‌: പ്രതിയെ കുരുക്കിയത്‌ സമർഥമായ അന്വേഷണം

കരമന കാലടി കൂടത്തിൽ കുടുംബവീട്

കരമന കാലടി കൂടത്തിൽ കുടുംബവീട്

വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 2 min read

തിരുവനന്തപുരം

കൂടത്തിൽ കൊലക്കേസിൽ പ്രതി രവീന്ദ്രൻ നായരെ അറസ്‌റ്റ്‌ ചെയ്‌തത്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ ശാസ്‌ത്രീയ അന്വേഷണ മികവിൽ. ജനങ്ങളെ ഏറെ ആശങ്കയിലാക്കിയ കൊലപാതകത്തിന്റെ ചുരുളാണ്‌ സമർഥമായ അന്വേഷണത്തിലൂടെ അഴിച്ചത്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്‌ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്‌. പൊലീസിനെയും നാട്ടുകാരെയും ബന്ധുക്കളെയും വഞ്ചിച്ച്‌ മാന്യനായി നടന്ന്‌ രക്ഷപ്പെടാനുള്ള രവീന്ദ്രൻ നായരുടെ ശ്രമങ്ങളാണ്‌ ഇവിടെ തകർന്നത്‌. കൊല്ലപ്പെട്ട ജയമാധവൻ നായരുടെ സ്വത്ത്‌ തട്ടിയെടുക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. അവിവാഹിതനായ ജയമാധവൻ നായർ വിവാഹം കഴിച്ചാൽ പ്രതി വ്യാജമായി നിർമിച്ച വിൽപ്പത്രപ്രകാരമുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾക്ക്‌ വേറെ അവകാശിയുണ്ടാകുമെന്നതും സ്വത്ത്‌ കൈവശപ്പെടുത്താനുള്ള ലക്ഷ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. ജയമാധവൻ നായരുടെ മരണസമയവുമായി ബന്ധപ്പെട്ട മൊഴികളിലും മൃതദേഹം ആശുപത്രിയിലെത്തിച്ച രീതിയിലും അന്വേഷക സംഘം വൈരുധ്യങ്ങൾ കണ്ടെത്തിയിരുന്നു. മെഡിക്കൽ, ഫോറൻസിക് വിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വീട്ടിലെ കട്ടിലിലും തടിക്കഷ്‌ണത്തിലും രക്തക്കറകൾ കണ്ടെത്തി. ഇവ മനുഷ്യരക്തമാണെന്ന് സ്ഥിരീകരിച്ചു. ജയമാധവൻ നായരുടെ ബന്ധുവിന്റെ രക്തസാമ്പിളുമായി നടത്തിയ താരതമ്യപരിശോധനയിൽ നിർണായക വിവരങ്ങളാണ്‌ ലഭിച്ചത്‌. ഹിസ്റ്റോപാത്തോളജി റിപ്പോർട്ടിൽ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നുണ്ടായിരുന്നു. കോഴിക്കോട് എൻഐടി ബയോമെക്കാനിക്‌ വിഭാഗത്തിൽനിന്നുള്ള റിപ്പോർട്ട് പ്രകാരം ജയമാധവൻ നായരുടെ തലയ്ക്കേറ്റ പരിക്ക് വീഴ്ചയിൽ സംഭവിച്ചതല്ലെന്ന്‌ വ്യക്തമായി. മൃതദേഹം ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച കാറിൽ നടത്തിയ പരിശോധനയിലും ജയമാധവൻ നായരുടെ രക്തക്കറ കണ്ടെത്തി. രവീന്ദ്രൻ നായരുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അനിലിന്റേതാണ്‌ കാർ. കാറോടിച്ചത്‌ സജു എന്നയാളാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. ജയമാധവൻ നായരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി പ്രതി വ്യാജ വിൽപ്പത്രം തയ്യാറാക്കിയെന്ന പരാതിയും പരിശോധിച്ചു. വിൽപ്പത്രത്തിലെ ഒപ്പ് ജയമാധവൻ നായരുടേതല്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ, ഫോറൻസിക് തെളിവുകൾ, സാക്ഷിമൊഴികൾ, മറ്റ് അന്വേഷണ വിവരങ്ങൾ എന്നിവ വിലയിരുത്തി രവീന്ദ്രൻ നായർക്കെതിരായ അന്വേഷണം ശക്തമാക്കി. ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളും നടത്തി. തലയ്ക്കേറ്റ പരിക്കും ശ്വാസം മുട്ടിക്കലും മരണത്തിന് കാരണമായെന്ന മെഡിക്കൽ അഭിപ്രായവും അന്വേഷണത്തിൽ പരിഗണിച്ചു. അതോടെ രവീന്ദ്രൻ നായരെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home