അറിഞ്ഞു, ആയുർവേദത്തിന്റെ കരുത്ത്

മത്സരാർഥികളെ ചികിത്സിക്കുന്ന സ്പോർട്‌സ് ആയുർവേദ ടീം അംഗങ്ങൾ
തിരുവനന്തപുരം
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 12 വേദികളിലായി കാൽലക്ഷം കായികതാരങ്ങൾ മാറ്റുരച്ചപ്പോൾ മെഡിക്കൽ സംവിധാനമൊരുക്കി സംസ്ഥാനത്തെ സ്പോർട്‌സ് ആയുർവേദ ടീം. ഓരോ വേദിയിലും പ്രത്യേകം ആരോഗ്യ ഡെസ്കുകൾ ഒരുക്കിയായിരുന്നു പ്രവർത്തനം. 200 പ്രവർത്തകരാണ് ആകെയുണ്ടായിരുന്നത്. ഇതിൽ 65 ഡോക്ടർമാരുമുണ്ട്. പരിക്കേൽക്കാൻ സാധ്യതകളുള്ള ഇനങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചിരുന്നു. മഴ കാരണം വേദികൾ പെട്ടെന്ന് മാറ്റിയപ്പോൾ, പുതിയ വേദിയിലേക്കും ആയുർവേദ ടീം എത്തി. രാവിലെ ആറുമുതൽ മത്സരം പൂർത്തിയാകുന്നതുവരെ സേവനം ഉറപ്പാക്കിയിരുന്നു. ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് ആയുർവേദയ്ക്ക് സംസ്ഥാനത്ത് 23 യൂണിറ്റുകളാണുള്ളത്. ഇവിടങ്ങളിൽനിന്നുള്ള പ്രവർത്തകർക്കുപുറമെ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെയും പങ്കജകസ്തൂരി ആയുർവേദ കോളേജിലെയും പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും പങ്കാളികളായി. സ്പോർട്‌സ് ആയുർവേദ സ്റ്റേറ്റ് കൺവീനർ ഡോ. പി ആർ പ്രീതയാണ് നേതൃത്വം നൽകിയത്.









0 comments