കിംസ്‌ഹെൽത്ത് കാൻസർ പ്രതിരോധ ക്യാമ്പയിൻ: കാട്ടാക്കട ചിന്മയ വിദ്യാലയത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: കാൻസർ പ്രതിരോധത്തിൽ പുതിയ തലമുറയുടെ ആശയങ്ങൾ അടുത്തറിയുന്നതിനായി ഫൈറ്റ് എഗൈൻസ്റ്റ് കാൻസർ ടുഗെതർ' (ഫാക്ട്) എന്ന പേരിൽ കിംസ്‌ഹെൽത്ത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായി സംഘടിപ്പിച്ച കാൻസർ പ്രതിരോധ കാമ്പയിനിൽ നവീന ആശയങ്ങളുമായി സ്‌കൂൾ വിദ്യാർത്ഥികൾ. ഒരു മാസത്തോളം നീണ്ട ക്യാമ്പയിനിൽ കാൻസർ അവബോധം, പ്രതിരോധം നേരത്തെയുള്ള നിർണ്ണയം എന്നീ വിഷയങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ 19 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയ ഹയർ സെക്കൻഡറി സ്‌കൂൾ ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ നാലാഞ്ചിറ സർവോദയ വിദ്യാലയ (ICSE) 50,000 രൂപയും, മൂന്നാം സ്ഥാനം നേടിയ കല്ലയം ലെക്കോൾ ചെമ്പക സിറീൻ വാലി 25,000 രൂപയും സമ്മാനമായി നേടി. പങ്കെടുത്ത മറ്റ് സ്‌കൂളുകൾക്ക് 5,000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിച്ചു. തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ നടന്ന ചടങ്ങിൽ കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള സമ്മാനദാനം നിർവഹിച്ചു.
ക്യാൻസറിനെതിരെ സമൂഹത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. അതോടൊപ്പം, കാൻസർ രോഗികൾക്ക് കിംസ്‌ഹെൽത്തിന്റെ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനായി 'കെയർ കണക്ട്' എന്ന മൊബൈൽ ആപ്പും വിദ്യാർഥികൾ വികസിപ്പിച്ചു.










0 comments