ad
Deshabhimani

കിളിയൂർ കാട്ടുകുളം:
സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം ​

മാലിന്യംമൂടിയ കിളിയൂർ കാട്ടുകുളവും കരയിൽ പഞ്ചായത്ത്‌ സ്ഥാപിച്ച മുന്നറിയിപ്പ്‌ ബോർഡ്

മാലിന്യംമൂടിയ കിളിയൂർ കാട്ടുകുളവും കരയിൽ പഞ്ചായത്ത്‌ സ്ഥാപിച്ച മുന്നറിയിപ്പ്‌ ബോർഡ്

വെബ് ഡെസ്ക്

Published on Jun 17, 2026, 01:14 AM | 1 min read

വെള്ളറട

വെള്ളറട പഞ്ചായത്തിലെ മാനൂർ വാർഡിലെ കിളിയൂർ കാട്ടുകുളവും പരിസരവും കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിക്കുന്നെന്ന്‌ പരാതി. ജലാശയവും പരിസരവും മലിനമാക്കാനും ലഹരിസംഘങ്ങളുടെ താവളമാക്കാനുമാണ് ശ്രമം. കുളത്തിലേക്കുള്ള വഴിയിൽ മാലിന്യങ്ങളും മദ്യക്കുപ്പികളും തള്ളൽ പതിവായി. പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച നിരോധനബോർഡുകൾ ലംഘിച്ചാണ് അഴിഞ്ഞാട്ടം. കുളത്തിന് തൊട്ടടുത്തുള്ള സാഗര ഗ്രന്ഥശാല ഗ്രൗണ്ടിൽ നിരവധി കുട്ടികളാണ് എത്തുന്നത്. എന്നാൽ, ലഹരിസംഘങ്ങളുടെ സാന്നിധ്യം കുട്ടികൾക്കും ശല്യമാകുന്നു. കുളക്കരയിലെ മലമൂത്രവിസർജനം കാരണം അമീബിക് മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പടരുമെന്ന് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുണ്ട്‌. കുളത്തിൽനിന്നുള്ള നീർച്ചാലിലെ വെള്ളം ഉപയോഗിച്ചാണ് പടിഞ്ഞാറ് ഭാഗത്തെ കർഷകർ കൃഷി ഇറക്കുന്നത്. പ്രദേശവാസികൾ കുളിക്കാനും ആശ്രയിക്കുന്നു. കിളിയൂർ ജങ്ഷനിൽനിന്നുള്ള മലിനജലം കുളത്തിലേക്ക് ഒലിച്ചിറങ്ങുന്നത് തടയാൻ ശാസ്ത്രീയമായ ഓട നിർമിച്ച് വെള്ളം തിരിച്ചുവിടണമെന്നാണ് നാട്ടുകാരുടെ നിർദേശം. കുളത്തിന്റെ ബണ്ട് ഉയർത്തിക്കെട്ടി നടപ്പാതയും ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിച്ച് നവീകരിച്ചാൽ പ്രഭാതസവാരിക്കായും ഉപയോഗിക്കാം. കുളവും പരിസരവും ശുചീകരിച്ച് നിരീക്ഷണകാമറകൾ സ്ഥാപിക്കണമെന്നും പൊലീസ്, -എക്സൈസ് വകുപ്പുകളുടെ നിരീക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home