കെജിഎൻഎ സംസ്ഥാന സമ്മേളനം സമാപിച്ചു
സിവിൽ സർവീസ് സംരക്ഷിക്കാൻ അണിനിരക്കുക


സ്വന്തം ലേഖകൻ
Published on Jun 28, 2026, 10:39 PM | 1 min read
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് കേരളത്തിന്റെ അഭിമാനമായ സിവിൽ സർവീസ് മേഖല സംരക്ഷിക്കാൻ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ (കെജിഎൻഎ) സംസ്ഥാന സമ്മേളനം അഭ്യർഥിച്ചു. യുഡിഎഫ് ഭരണകാലത്ത് ഏർപ്പെടുത്തിയ നിയമന നിരോധനം ഇല്ലാതാക്കി ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി 3,15,515 നിയമനങ്ങളാണ് കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാർ നടത്തിയത്. ഇത് രാജ്യത്ത് മൊത്തം നടന്ന പിഎസ്‌സി നിയമനങ്ങളുടെ 50 ശതമാനം വരും. മാനദണ്ഡം പാലിക്കാതെ വനിതാ ജീവനക്കാരെയടക്കം തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ് യുഡിഎഫ് സർക്കാർ. നഴ്‌സുമാരുടെ തസ്‌തിക സൃഷ്ടിച്ച് നിയമനം നടത്തുക, ഡിഎംഇ, ഡിഎച്ച്‌എസ്, ഇഎസ്‌ഐ വകുപ്പുകളിൽ റേഷ്യോ പ്രമോഷൻ നടപ്പാക്കുക, നഴ്‌സിങ് ഇതര ജോലികളിൽനിന്ന് നഴ്‌സുമാരെ ഒഴിവാക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പൊതുചർച്ചയ്‌ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ മറുപടി പറഞ്ഞു. സ്വാഗതസംഘം ജനറൽ കൺവീനർ പി വി പവിത്രൻ നന്ദി പറഞ്ഞു. വിരമിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ രജനി (ഇടുക്കി), സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജി ഗീതാമണി (പത്തനംതിട്ട) എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു. എസ് എസ് ഹമീദ് അധ്യക്ഷനായി. ടി സുബ്രഹ്മണ്യൻ, സ്വാഗതസംഘം ചെയർമാൻ വി വി രമേശൻ, എം ആർ രജനി, കെ ജി ഗീതാമണി എന്നിവർ സംസാരിച്ചു. എൽ ഗീത സ്വാഗതവും ടി ടി ഖമറുസമാൻ നന്ദിയും പറഞ്ഞു.











0 comments