നെഞ്ചുലഞ്ഞ് നാട്
അഭിറാമിന് കണ്ണീർമടക്കം

അഭിറാമിന്റെ മൃതദേഹം അവസാനമായി കാണാനെത്തിയ ജനക്കൂട്ടം

സ്വന്തം ലേഖകൻ
Published on Nov 04, 2026, 11:40 PM | 3 min read
കഴക്കൂട്ടം
നെഞ്ചുലഞ്ഞ് കണ്ണീരോടെ നാട് അഭിറാമിന് അന്ത്യയാത്ര നൽകി. പതിനേഴുകാരനും കാപ്പ കേസ് പ്രതി ഉമർ മുഫ-്താറും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്ലസ്വൺ വിദ്യാർഥി അഭിറാമിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തിയത്. ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചു. വിദേശത്ത് നഴ്സായ സഹോദരി ആര്യ ബുധൻ രാവിലെ എത്തി. തുടർന്ന് അഭിറാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെ 10.15ന് ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗറിലെ വാടക വീടായ രാഹുൽനിവാസിൽ അഭിറാമിന്റെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് എത്തിയപ്പോഴേക്കും ഗ്രാമവാസികൾ ഒന്നടങ്കം അവിടെയെത്തിയിരുന്നു. മൃതദേഹം ഉമ്മറത്ത് കിടത്തിയപ്പോഴേക്കും ഉറ്റവർക്കും കൂട്ടുകാർക്കും നിയന്ത്രണം നഷ്ടപ്പെട്ടു. അമ്മ ധർമജയും സഹോദരി ആര്യയും കരഞ്ഞ് കുഴഞ്ഞുവീണു. അച്ഛൻ മധു കണ്ടുനിൽക്കാനാകാതെ വിങ്ങിപ്പൊട്ടി. ‘നീ പോയല്ലോടാ അച്ചൂ, എനിക്കിനിയാരുണ്ട്, കണ്ണ് തുറക്കെടാ’ അമ്മയുടെ നിലവിളി കേട്ടുനിൽക്കാൻ കഴിയുമായിരുന്നില്ല. അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി. പരുത്തിപ്പാറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും അഭിറാമിന് അന്ത്യയാത്ര നൽകുന്പോൾ വികാരം അണപൊട്ടി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി, സംസ്ഥാനകമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, ഏരിയ സെക്രട്ടറി ഡി രമേശൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യന് രവീന്ദ്രൻ, മാങ്കോട് രാധാകൃഷ്ണൻ, വി മുരളീധരൻ എംഎൽഎ, മറ്റ് ജനപ്രതിനിധികൾ എന്നിവർ അന്ത്യോപചാരമർപ്പിക്കാനെത്തി. പൊതുദർശനത്തിനുശേഷം പകൽ പന്ത്രണ്ടരയോടെ കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കരിച്ചു.
കൂടുതൽ അറസ്റ്റുണ്ടാകും; 3 പേരെകൂടി ചോദ്യം ചെയ്തു
അഭിറാമിനെ കൊലപ്പെടുത്തി യ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ബുധനാഴ്ച മൂന്നുപേരെകൂടി ചോദ്യം ചെയ്തെന്ന് പ്രത്യേക അന്വേഷണ ചുമതലയുള്ള ഡിസിപി കെ എസ് ഷെഹൻഷാ പറഞ്ഞു. ഒന്നാം പ്രതിയായ 17 വയസ്സുകാരൻ ജുവനൈൽ ഹോമിന്റെ നിരീക്ഷണത്തിലാണ്. രണ്ടാം പ്രതി ശ്രീകാര്യം കല്ലന്പള്ളി പുത്തൻവീട്ടിൽ ഉമർ മുഫ്താർ (23), മൂന്നാം പ്രതി ശ്രീവരാഹം മണക്കാട് സ്വദേശിനിയായ ഐടിഐ വിദ്യാർഥിനി ആനന്ദ (18) എന്നിവർ റിമാൻഡിൽ ജയിലിലാണ്. ഉമറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതിന് കോടതിയിൽ അപേക്ഷ നൽകും. ആനന്ദയുടെ മൊബൈലിൽനിന്ന് ഒന്നാം പ്രതി ഇൻസ്റ്റ അക്കൗണ്ടുവഴി സന്ദേശമയച്ച് അഭിറാമിനെ പാങ്ങപ്പാറ പേരൂർ അങ്കണവാടിക്കുസമീപത്തെ പറന്പിലെത്തിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ചിലർ ക്കുകൂടി പങ്കുളളതായി പൊലീസ് സംശയിക്കുന്നു. സൈബർ വിദഗ്ധർ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. ആനന്ദയ്ക്ക് നേരിട്ട് സംഭവത്തിൽ ബന്ധമില്ലാത്തതിനാൽ തൽക്കാലം കസ്റ്റഡിയിൽ വാങ്ങില്ല. അതേസമയം സംഭവങ്ങളെല്ലാം അറിയാമായിരുന്നു. ഒന്നാം പ്രതിയുടെ മുൻകാമുകി പുതിയ കാമുകനൊപ്പം നിൽക്കുന്ന ചിത്രം പ്രതിക്ക് മെസേജിട്ടതാണ് വൈരാഗ്യത്തിന് കാരണം. അഭിറാം വഴി സുഹൃത്തിനെ കൊലപ്പെടുത്താനുള്ള തന്ത്രം ഫലിക്കാതായപ്പോഴാണ് അഭിറാമിനെ പ്രതികൾ വകവരുത്തിയത്. മഴുവിന്റെ ചിത്രമുൾപ്പെടെ 17കാരൻ ആനന്ദയ്ക്ക് അയച്ചുകൊടുത്തിരുന്നതായും പൊലീസ് കണ്ടെത്തി.
"കൊന്നുകളയാൻമാത്രം എന്റെ കുട്ടിയോട് എന്ത് വൈരാഗ്യം'
കഴക്കൂട്ടം ‘കൊന്നുകളയാൻമാത്രം എന്ത് വൈരാഗ്യമാണ് എന്റെ കുട്ടിയോടുള്ളത്. അഞ്ചാംക്ലാസുമുതലുള്ള കൂട്ടുകാരുമായി ഇപ്പോഴും സൗഹൃദം അച്ചുവിനുണ്ട്. ആരുമായും വഴക്കിടുന്ന കുട്ടിയല്ല. മറ്റേതോ കുട്ടിയെ അപായപ്പെടുത്താൻ വേണ്ടിയാണ് ശ്രമിച്ചത്. അത് അച്ചുവിന്റെ കൂട്ടുകാരനെന്നാണ് പറയുന്നത്. ഞങ്ങൾക്കാർക്കും അതാരാണെന്നറിയില്ല’– അഭിറാമിന്റെ അമ്മ ധർമജ പറഞ്ഞു. സംഭവദിവസം അടുത്തുള്ള കല്യാണവീട്ടിൽ പോകാൻ വരാമെന്ന് പറഞ്ഞിട്ടാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. അച്ഛൻ വിളിച്ചിട്ടും ഫോണെടുത്തില്ല. രാത്രി എട്ടായപ്പോൾ ദുബായിൽനിന്ന് മകനെ വഴക്കുപറയാനായി താൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒന്പതായിട്ടും കണ്ടില്ലെന്നറിഞ്ഞതോടെ എന്തോ ആപത്ത് സംഭവിച്ചെന്ന് മനസ്സുപറഞ്ഞു. പൊലീസിൽ അറിയിക്കാൻ താൻ പറഞ്ഞതനുസരിച്ചാണ് ഭർത്താവ് മധു ശ്രീകാര്യം സ്റ്റേഷനിൽ പരാതിപ്പെട്ടത്. 17 വയസ്സുകാരന് കൊല ചെയ്യാനറിയാമെങ്കിൽ അവൻ കൊടും ക്രിമിനലാണെന്നും ശിക്ഷ ലഭിക്കണമെന്നും ധർമജ പറഞ്ഞു.
"എന്റെ അഭിയെ കൊല്ലണമായിരുന്നോ'
കഴക്കൂട്ടം അനുജന് നീതി ലഭിക്കണമെന്ന് അഭിറാമിന്റെ സഹോദരി ആര്യ. നിയമപരമായി ഏതറ്റംവരെ പോകാനും തയ്യാറാണ്. ശനിയാഴ്ചയും അവനെ താൻ വിളിച്ചിരുന്നെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ഇതൊന്നും ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ലെന്നും സൗദിയിൽ നഴ്സിങ് ജോലി ചെയ്യുന്ന ആര്യ പറഞ്ഞു. ‘ട്രയാങ്കിൾ പ്രണയമാണെന്നെല്ലാം കള്ളവാർത്തകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത് കണ്ടു. പ്രതികൾക്ക് പ്രതീക്ഷിച്ചയാളെ കിട്ടിയില്ലെങ്കിൽ ഒരു അടികൊടുത്ത് വിടാമായിരുന്നല്ലോ, എന്റെ അഭിയെ കൊല്ലണമായിരുന്നോ.’ ‘തെളിവെല്ലാം നശിപ്പിച്ചു, ഫോണും നശിപ്പിച്ചു. ജുവനൈലായുള്ള പ്രതി കൂട്ടുപ്രതിയെ രക്ഷപ്പെടുത്താൻ കുറ്റം ഏറ്റെടുത്ത് ജുവനൈൽ ആനുകൂല്യത്തിൽ രക്ഷപ്പെടാമെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിൽ ഭാവിയിൽ വലിയ ക്രിമിനലായിട്ട് മാറില്ലേ. 18 വയസ്സാകാൻ ചിലപ്പോൾ ഒന്നോ രണ്ടോ മാസമേ കാണുമായിരിക്കൂ. അപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ പ്രതി രക്ഷപ്പെടുമല്ലോ. പ്ലാൻ ചെയ്താണ് കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ പ്രതീക്ഷയെയാണ് ഇല്ലാതാക്കിയത്’– ആര്യ പറഞ്ഞു.









0 comments