പുതിയ കാലത്തിന്റെ കഴക്കൂട്ടം

ആന്‍സ് ട്രീസ ജോസഫ്
Published on Mar 07, 2026, 07:31 PM | 1 min read
തിരുവനന്തപുരം: സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന, പുതിയ കാലത്തിനൊപ്പം ചലിക്കുന്ന കഴക്കൂട്ടം. നാടിന്റെ ടെക്നോളജി സിറ്റി. ഓരോ ദിവസവും ഉന്നതങ്ങളിലേക്ക് കുതിക്കുന്ന ഐടി നഗരം. നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന് ജന്മം നൽകിയ ചെമ്പഴന്തിയും ലോകോത്തര ഉന്നതവിദ്യാഭ്യാസ വിദഗ്‌ധരെ പ്രദാനം ചെയ്ത കേരള സര്‍വകലാശാലയും സ്ഥിതി ചെയ്യുന്ന മണ്ഡലം.
1996ല്‍ കടകംപള്ളി സുരേന്ദ്രന് ആദ്യവിജയം സമ്മാനിച്ചത് കഴക്കൂട്ടമായിരുന്നു. 2016ലും 2021ലും കഴക്കൂട്ടം എല്‍ഡിഎഫിനൊപ്പം നിന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 23,497 എന്ന ഭൂരിപക്ഷത്തിലാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രന്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ 28 വാര്‍ഡ് അടങ്ങിയതാണ് മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ 10 വാര്‍ഡ് എല്‍ഡിഎഫ് നേടി.
എൽഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രണത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, വിനോദസഞ്ചാരം, കായികം തുടങ്ങിയ മേഖലകളിലെല്ലാം സമാനതകളില്ലാത്ത വികസന–ക്ഷേമ പ്രവര്‍ത്തനം നടപ്പാക്കി. ദേശീയ ജലപാത, ടെക്നോപാര്‍ക്ക് വികസനം, കാര്യവട്ടം ഫ്ലൈഓവര്‍, തീരദേശ റോഡ്, മത്സ്യത്തൊഴിലാളി ഭവനപദ്ധതിയില്‍ 168 ഫ്ലാറ്റുകള്‍... അങ്ങനെ 2500 കോടിയിലധികം രൂപയുടെ വികസനവിപ്ലവം.
സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ പാങ്ങപ്പാറയില്‍ സ്ഥാപിച്ചു. ലൈഫ് മിഷനിലൂടെ രണ്ടായിരത്തിലേറെ പേര്‍ക്ക് വീട് നൽകി. മണ്ഡലത്തിലെ കാര്യവട്ടം ഗവ. കോളേജ്, കാര്യവട്ടം ക്യാമ്പസ്, ശ്രീകാര്യം ഗവ. എന്‍ജിനിയറിങ് കോളേജ് എന്നിവയ്ക്കുമാത്രം 115 കോടി രൂപ ചെലവഴിച്ചു. മെഡിക്കൽ കോളേജ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താൻ 717.29 കോടിയുടെ മാസ്റ്റർ പ്ലാന്‍, നൂതന എമർജൻസി കെയർ ആൻഡ് ട്രോമാകെയറിന് -33 കോടി... അങ്ങനെ നീളുന്നു കഴക്കൂട്ടത്തിന്റെ വികസനങ്ങള്‍.
2021ലെ വോട്ടര്‍മാര്‍: 1,94,365
2026ലെ വോട്ടര്‍മാര്‍: 1,62,723
പുരുഷന്മാര്‍: 77,813
സ്ത്രീകള്‍: 84,910
എസ്ഐആറില്‍ പുറത്തായത് 32,769 പേര്‍
2021 നിയമസഭാ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം 23,497
കടകംപള്ളി സുരേന്ദ്രന്‍ (എല്‍ഡിഎഫ്): 63,690
ശോഭ സുരേന്ദ്രന്‍ (ബിജെപി): 40,193
ഡോ. എസ് എസ് ലാല്‍ (യുഡിഎഫ്): 32,995
പോളിങ് ശതമാനം: 69.61%











0 comments