കരിമഠം നിവാസികൾ ചോദിക്കുന്നു
‘എങ്ങനെ ഞങ്ങൾക്ക് രോഗം പകരാതിരിക്കും’

കരിമഠത്ത് ചതുപ്പിലേക്ക് തള്ളിയ മാലിന്യം
തിരുവനന്തപുരം
‘കോർപറേഷന്റെ എയ്‌റോബിക് മാലിന്യസംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടി, വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ ആളുവരുന്നില്ല. പിന്നെ ഞങ്ങൾ ഇതെല്ലാം എവിടെക്കൊണ്ടുപോയിക്കളയും’– മാലിന്യസംസ്‌കരണത്തിൽ കോർപറേഷൻ കാട്ടുന്ന അലംഭാവത്തിന്റെ ദുരിതം വിവരിക്കുകയാണ് കരിമഠം നിവാസികൾ. മാലിന്യസംസ്‌കരണത്തിന് മുന്പുണ്ടായിരുന്ന മാതൃകകളൊക്കെ പുതിയ ഭരണസമിതി ഇല്ലാതാക്കിയതോടെ വീടുകളിലെ ഭക്ഷണാവശിഷ്‌ടംപോലും സംസ്‌കരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ഇവിടുത്തെ താമസക്കാർ. ഹരിതകർമസേന എല്ലായിടത്തും എത്തുന്നില്ല. എയ്‌റോബിക് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. മറ്റ് സംവിധാനങ്ങളൊന്നും നൽകുന്നുമില്ല. മൂന്നുതവണയായി ഇവിടെ ജയിക്കുന്നത് ബിജെപിയാണ്. നിലവിലെ കൗൺസിലർ എസ് കെ പി രമേഷ് രണ്ടാംതവണയാണ് വിജയിച്ചത്. അദ്ദേഹത്തിനും കരിമഠം നിവാസികളുടെ പ്രശ്‌നങ്ങളിൽ ഒരു താൽപ്പര്യവുമില്ലെന്നും നാട്ടുകാർ പറയുന്നു. മേയർ വി വി രാജേഷ് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. 550ഓളം കുടുംബങ്ങൾ കരിമഠത്ത് താമസിക്കുന്നുണ്ട്. ഇതിൽ മുക്കാൽഭാഗം കുടുംബങ്ങൾക്കും മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനം കോർപറേഷൻ ഒരുക്കുന്നില്ല. അടച്ചിട്ടിരിക്കുന്ന എയ്‌റോബിക് ബിന്നിന് ചുറ്റിലും മാലിന്യം കുമിഞ്ഞുകൂടുകയാണ്. തെരുവുനായകൾ, എലി, കൊതുക്, ഇൗച്ച തുടങ്ങിയവയെല്ലാം ഇവിടെ പെരുകുകയാണ്. കരിമഠത്തെ മാലിന്യക്കൂന്പാരത്തെക്കുറിച്ച് മാധ്യമവാർത്തകൾ വന്നതോടെ കോർപറേഷൻതൊഴിലാളികളെത്തി മുകളിലുണ്ടായിരുന്നവ തൊട്ടപ്പുറത്തെ ചതുപ്പിലേക്ക് മറിച്ചിട്ടു. പരിസരത്ത് കുറച്ച് ബ്ലീച്ചിങ് പൗഡറും വിതറിപ്പോയി. ശാശ്വതമായ ഒരു നടപടിയും ചെയ്‌തില്ല. മൂക്കുപൊത്തിയാണ് ജീവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഷിഗല്ല, ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ കോർപറേഷനും ആരോഗ്യവകുപ്പും ഉൾപ്പെടെ തങ്ങളെ അവഗണിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.









0 comments