ഒടുവിൽ കൗൺസിൽ യോഗം സുഗതന്റെ അവധി അപേക്ഷ പാസാക്കിയെടുക്കാൻ നീക്കം


സ്വന്തം ലേഖകൻ
Published on Jul 28, 2026, 11:48 PM | 1 min read
തിരുവനന്തപുരം
കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതന് അയോഗ്യതാ ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കിയെടുക്കാനുള്ള നീക്കത്തിൽ കോർപറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച ചേരും. പകൽ 2.30നാണ് യോഗം ചേരുക. ജാമ്യം ലഭിക്കുംവരെ കൗൺസിൽ യോഗം വൈകിപ്പിക്കാൻ കഴിയില്ലെന്നായതോടെ സുഗതനെ ഏതുവിധേനയും സംരക്ഷിക്കാനാണ് ഭരണസമിതിയുടെ ശ്രമം. ജൂലൈയിൽ കൗൺസിൽ യോഗം ചേരേണ്ടതുണ്ടെന്നിരിക്കേ മാസാവസാന ദിവസമാണ് തീരുമാനിച്ചത്. 46 ദിവസത്തിനുശേഷം ജൂൺ 29നാണ് അവസാനമായി കൗൺസിൽ ചേർന്നത്. കൊടുംക്രിമിനലിനെ സംരക്ഷിക്കാനായി നഗരത്തിന്റെ ജനകീയപ്രശ്‌നങ്ങൾ ചർച്ചയ്ക്കെടുക്കാതെ അന്നത്തെ യോഗം ബിജെപി അലങ്കോലപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങളെ കൈയേറ്റം ചെയ്‌ത് കോടികളുടെ തിരിമറിയാണ് എഴുനൂറോളം അജൻഡയിലൂടെ പാസാക്കിയെടുത്തത്. വെള്ളിയാഴ്‌ച ചേരുന്ന യോഗത്തിൽ 230 അജൻഡ ചർച്ചയ്ക്കെടുക്കുമെന്നാണ് അംഗങ്ങൾക്ക് നൽകിയ അറിയിപ്പ്. അഞ്ഞൂറോളം അധിക അജൻഡകളുൾപ്പെടെ പാസാക്കിയെടുക്കാനാണ് അണിയറനീക്കം. സുഗതൻ പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകുമിത്. കേരള മുൻസിപ്പാലിറ്റി നിയമപ്രകാരം തുടർച്ചയായ മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അംഗം അയോഗ്യനാകുമെന്നിരിക്കേ അവധി അപേക്ഷ പാസാക്കിയെടുത്താൽ ഭരണപ്രതിസന്ധി മറികടക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, കാപ്പ കേസിലെ പ്രതിക്ക് നിയമാനുസൃതം അവധി അപേക്ഷ നൽകാനാകില്ല. ചികിത്സാർഥമോ മറ്റ് അത്യാവശ്യഘട്ടങ്ങളിലോ മാത്രമാണ് അംഗങ്ങൾക്ക് അവധി നൽകാൻ നിയമം അനുശാസിക്കുന്നത്. ജൂൺ ഒമ്പതിനാണ് സുഗതൻ അറസ്റ്റിലായത്. ഹൈക്കോടതി കാപ്പ ഉപദേശക സമിതിയുടെ നിർദേശപ്രകാരം ആറുമാസം ജയിലിൽനിന്ന് പുറത്തിറങ്ങാനാകില്ല. അങ്ങനെയാകുന്പോൾ അയോഗ്യനായി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കോർപറേഷൻ സെക്രട്ടറി കത്ത് നല്‍കുകയാണ് വേണ്ടത്.










0 comments