Deshabhimani

ഒ ജെ ജനീഷിനും ഷാഫിക്കുമെതിരെ കേസെടുക്കണം; പരാതി നൽകി വിദ്യാർഥി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2026, 12:25 AM | 1 min read

തിരുവനന്തപുരം

യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിനുനേരെ ആക്രമണത്തിന്‌ നേതൃത്വം നൽകിയ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റും മന്ത്രിയുമായ ഒ ജെ ജനീഷ്‌, ഷാഫി പറന്പിൽ എംപി എന്നിവർക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതി. ഹോസ്‌റ്റലിലെ താമസക്കാരനും ഗവ. ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയുമായ വേണുഗോപാലാണ്‌ മ്യൂസിയം പൊലീസിന്‌ പരാതി നൽകിയത്‌. ഹോസ്‌റ്റലിന്‌ ഉള്ളിലേക്കും കെട്ടിടത്തിനുനേരെയും കുപ്പികൾ, കല്ല്‌, വടി, തീപ്പന്തം എന്നിവ എറിഞ്ഞാണ്‌ ആക്രമണം നടത്തിയത്‌. ആക്രമണത്തിന്‌ നേതൃത്വം നൽകിയ ജനീഷിനെയും ഷാഫിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിലുള്ള കേസിൽ ഇവരെയും മറ്റ്‌ യൂത്ത്‌ കോൺഗ്രസുകാരെയും ഉൾപ്പെടുത്തി തുടർ നടപടി സ്വീകരിക്കണം. ഹോസ്‌റ്റൽ വളപ്പിൽ കടന്ന്‌ പൊലീസ്‌ നടത്തിയ ലാത്തിചാർജിൽ തന്റെ ഇരുകൈക്കും പരിക്കേറ്റു. വലതു കൈക്ക്‌ പൊട്ടലുണ്ട്‌. തുടർന്ന്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം തന്നെ ഒന്നാം പ്രതിയാക്കി അറസ്‌റ്റുചെയ്‌തു. എന്നാൽ പൊലീസ്‌ അതിക്രമത്തിൽ ഒരു അന്വേഷണവുമുണ്ടായില്ല. ഹോസ്‌റ്റിലിൽ വിദ്യാർഥികൾക്കുനേരെ പൊലീസ്‌ നടത്തിയ അതിക്രമം അന്വേഷിച്ച്‌ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഹോസ്‌റ്റൽ വളപ്പിൽ കടന്ന്‌ ഏകപക്ഷീയവും അതിഭീകരവുമായ ബലപ്രയോഗം നടത്തിയ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ശ്രീകുമാറും പരാതി നൽകി. ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക്‌ തലയ്‌ക്കും മുഖത്തും അടക്കം ഗുരുതര പരിക്കേറ്റു. ആക്രമണത്തിന്‌ നേതൃത്വം നൽകിയ കന്റോൺമെന്റ്‌ സിഐ സതീഷ്‌കുമാർ, എസ്‌ഐ ഗോകുൽ ഗോപൻ എന്നിവർക്കെതിരെ വധശ്രമത്തിന്‌ കേസെടുക്കണം. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home