നാടിന്റെ ജലസ്രോതസ്സ് കള്ളക്കുളം നാശത്തിന്റെ വക്കിൽ

തിരുപുറം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കള്ളക്കുളം കാടുമൂടിയനിലയിൽ
എസ് സജു
Published on Aug 14, 2026, 12:00 AM | 1 min read
നെയ്യാറ്റിൻകര
തിരുപുറം പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ കള്ളക്കുളം അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നു. തിരുപുറം ഗവ. ഹയർസെക്കൻഡറി സ്കൂളിന് പിറകിലായി മൂന്ന് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുളമാണ് കാടുകയറിയും മാലിന്യംതള്ളിയും നശിക്കുന്നത്. കൈയേറ്റവും മാലിന്യം തള്ളലും നിത്യസംഭവമായതോടെ നീരുറവകൾ വറ്റി. ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി ആഴം കുറഞ്ഞതാണ് സ്ഥിതി ദയനീയമാക്കിയത്. സമീപത്തെ മുടുമ്പിൽ ഏലായിലെ നെൽക്കർഷകരും മറ്റ് പച്ചക്കറിക്കർഷകരും ആശ്രയിച്ചിരുന്നത് കുളത്തെയാണ്. ഇവിടെ വെള്ളം സംഭരിക്കാനാകാതായതോടെ പ്രദേശത്തെ കാർഷിക മേഖല ഭാഗികമായി നിലച്ച മട്ടാണ്. കുളത്തിലേക്ക് വെള്ളമെത്തിച്ചിരുന്ന പരമ്പരാഗത വഴികളെല്ലാം അടഞ്ഞു. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കിഴക്കുമുറി ഭാഗത്തുനിന്ന് പ്ലാന്തോട്ടം വഴി വെള്ളമെത്തിച്ചിരുന്ന വലിയ തൊട്ടിക്കുഴി റോഡ് വികസനത്തിന്റെ പേരിൽ മൂടിയതോടെ ഈ വഴിയുള്ള ജലമൊഴുക്ക് നിലച്ചു. നെയ്യാറിൽനിന്ന് വെള്ളം പന്പുചെയ്തെത്തിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് നടപ്പാക്കിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും തകർന്നു. സ്ഥാപിച്ച പമ്പ് ഹൗസും കുഴിച്ചിട്ട പൈപ്പുകളും നശിച്ചുതുടങ്ങി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് പമ്പ് ഹൗസിന്റെ പ്രവർത്തനവും നിലച്ചു. ബണ്ടിന്റെ ഓടകളും മൂടിയ അവസ്ഥയിലാണ്. പാറശാല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് പറയുന്ന ലിഫ്റ്റ് ഇറിഗേഷൻ നവീകരണം ഇപ്പോഴും കടലാസിലൊതുങ്ങിനിൽക്കുകയാണ്. ഓട നവീകരണത്തിന് പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കിവച്ചതായി പറയുന്നുണ്ടെങ്കിലും പൂർണമായി വൃത്തിയാക്കി പൈപ്പുകളും ഓടകളും സ്ഥാപിക്കാൻ കുറഞ്ഞത് 30 ലക്ഷമെങ്കിലും വകയിരുത്തേണ്ടിവരും. കടുത്ത വേനലിലും തിരുപുറത്തെ കിണറുകളിൽ വെള്ളം ഉറപ്പാക്കുന്നത് കുളത്തിന്റെ സാന്നിധ്യമാണ്. കുളം പുനരുദ്ധരിച്ച് തുറന്നുനൽകണമെന്നും ഇല്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങളുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.










0 comments