ഒഴിഞ്ഞകെെയോടെ കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍

കളിമണ്‍ പാത്രം നിര്‍മിക്കുന്ന തൊഴിലാളി
എസ് സജു
Published on Aug 25, 2026, 10:34 PM | 1 min read
നെയ്യാറ്റിൻകര
സമൃദ്ധിയുടെ ഓണക്കാലത്തും തൊഴുക്കലിലെ കളിമൺപാത്ര നിർമാണത്തൊഴിലാളികളുടെ വീടുകളിൽ സന്തോഷമെത്തിയില്ല. നാടും നഗരവും ഓണത്തിരക്കിലേക്ക് കടന്നിട്ടും കളിമൺപാത്ര വിപണി സജീവമാക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് തൊഴിലാളികള്‍. മുന്‍വര്‍ഷങ്ങളില്‍ ഓണവിപണിയില്‍ സജീവമാകാനുള്ള ഇടപെടല്‍ സര്‍ക്കാര്‍തലത്തില്‍ നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ സർക്കാരിൽനിന്നോ ബന്ധപ്പെട്ട അധികാരികളിൽനിന്നോ ഒരുവിധ ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. മേഖലയിലെ പ്രതിസന്ധി പരിഹരിച്ച്, കളിമൺപാത്ര നിർമാണം ലാഭകരമാക്കാന്‍ കളിമൺപാത്ര നിർമാണ സഹകരണസംഘം കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വിപണിയിലെ മാന്ദ്യം തിരിച്ചടിയാണ്. നിർമിച്ച ഉൽപ്പന്നങ്ങൾ യഥാസമയം വിറ്റഴിക്കാനും അനുയോജ്യമായ വിപണി കണ്ടെത്താനും സാധിക്കുന്നില്ല. വൻകിട പ്ലാസ്റ്റിക്, അലുമിനിയം ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റവും കളിമണ്ണിന്റെ ലഭ്യതക്കുറവും നിർമാണച്ചെലവിലെ വർധനയും തൊഴിലാളികളുടെ നട്ടെല്ലൊടിക്കുകയാണ്. രാപകലില്ലാതെ അധ്വാനിച്ച് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലയോ സ്ഥിരമായ വിപണിയോ ലഭിക്കാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ വൻ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിൽ ഉപേക്ഷിക്കാനാകാതെ കടക്കെണിയിലായവരും കൂട്ടത്തിലുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാന്‍ പ്രത്യേക ഓണം പാക്കേജുകൾ അനുവദിക്കാനും ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് സംഭരിച്ച് വിറ്റഴിക്കാനുള്ള സംവിധാനമൊരുക്കാന്‍ സർക്കാർ മുന്നോട്ടുവരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.










0 comments