സെമികണ്ടക്ടർ മേഖലയ്‌ക്ക് മുതൽക്കൂട്ടായി ‘കായ്സെമി'

തിരുവനന്തപുരം
സെമികണ്ടക്ടർ ഉപകരണങ്ങൾക്കായുള്ള അഡ്വാൻസ്ഡ് കൺട്രോൾ സിസ്റ്റംസ് സോഫ്റ്റ്‌വെയർ രംഗത്തേക്ക് കേരളത്തെ അടയാളപ്പെടുത്തി ‘കായ്സെമി’ കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്’ ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു. ടെക്നോപാർക്ക് ഫേസ് വണ്ണിലെ കല്ലായി ബിൽഡിങ്ങിൽ പുതിയ ഓഫീസ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ആഗോള സെമികണ്ടക്ടർ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. നേരിട്ട് ചിപ്പുകൾ നിർമിക്കുന്നതിനു പകരം, ചിപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന അതിസങ്കീർണമായ ഭീമൻ മെഷീനുകളെ നിയന്ത്രിക്കുന്ന ലോകോത്തര സോഫ്റ്റ്‌വെയർ സംവിധാനമാണ് കായ്സെമി വികസിപ്പിക്കുന്നത്. ‘കെസിഎസ്' എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയറാണ് കമ്പനിയുടെ പ്രധാന ഉൽപ്പന്നം. ഇന്ത്യയിൽ തന്നെ മെഷീൻ നിർമാണം ആരംഭിക്കുന്നതോടെ മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, പ്രോസസ് എൻജിനിയർമാർക്കും ഐടി പ്രൊഫഷണലുകൾക്കും ഫിസിക്സിൽ പിഎച്ച്ഡി/ബിരുദാനന്തര ബിരുദമുള്ളവർക്കും മികച്ച തൊഴിലവസരങ്ങൾക്ക് കായ്സെമി വഴിതുറക്കും. ഐടി സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ, കായ്സെമി എംഡി ജെഫ് സ്കോട്ട് ബോയ്ക്കർ, ഡയറക്ടർമാരായ അനു ജോസഫ്, ഫഹദ് അബ്ദുൾ സലാം, ടോണി ജോസഫ് എന്നിവരും പങ്കെടുത്തു.







0 comments